ബ്രൂവറി: റവന്യൂ വകുപ്പ് ഇടഞ്ഞപ്പോൾ മലക്കം മറിഞ്ഞ് മന്ത്രി രാജേഷ്
text_fieldsതിരുവനന്തപുരം: എലപ്പുള്ളി ബ്രൂവറിക്കെതിരായ റവന്യൂ വകുപ്പ് നീക്കം തിരിച്ചടിയായതോടെ, മലക്കം മറിഞ്ഞ് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. 19ന് എൽ.ഡി.എഫ് യോഗത്തിൽ രണ്ടു ഘടകകക്ഷികൾ ബ്രൂവറി വിഷയം ഉന്നയിക്കാനിരിക്കെയാണ്, എക്സൈസ് വകുപ്പിന് മുന്നിൽ വന്ന അപേക്ഷക്ക് മാത്രമാണ് അനുമതി നൽകിയതെന്നും അത് പ്രാഥമികാനുമതി മാത്രമാണെന്നും വിശദീകരിച്ചുള്ള മന്ത്രിയുടെ മലക്കംമറിച്ചിൽ.
വഴിവിട്ട നീക്കമെന്നും ഡീലെന്നുമുള്ള ആരോപണങ്ങളെല്ലാം പൊളിഞ്ഞതായും മറ്റ് അനുമതികളെല്ലാം നേടേണ്ട ഉത്തരവാദിത്തം ഒയാസിസ് കമ്പനിക്കാണെന്നും മന്ത്രി പറയുന്നു. സി.പി.ഐയും ആർ.ജെ.ഡിയും മന്ത്രിസഭ തീരുമാനത്തിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്തുവന്നതിന് പിന്നാലെയാണിത്. അനുമതി നൽകിയ അന്നുമുതൽ പ്രതിപക്ഷ ആരോപണങ്ങളെ രൂക്ഷപരിഹാസത്തിലൂടെ പ്രതിരോധിച്ച മന്ത്രിയുടെ പ്രതികരണം ഇത്തവണ സൗമ്യമായിരുന്നു.
മറ്റു വകുപ്പുകളുമായി കൂടിയാലോചിക്കാതെ, മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും മാത്രമെടുത്ത തീരുമാനമാണ് ബ്രൂവറി അനുമതിയെന്ന് മന്ത്രിസഭ നോട്ട് പുറത്തുവിട്ട് പ്രതിപക്ഷം ആരോപിച്ചത് ശരിവെക്കുന്നതാണ് പാലക്കാട് ആർ.ഡി.ഒയുടെ ഉത്തരവ്. നിർദിഷ്ട ഭൂമിയിൽ ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട നാലേക്കർ കൃഷി ഭൂമിയാണെന്നും അവിടെ കൃഷി ചെയ്യുന്നത് പരിശോധിക്കാൻ കൃഷി വകുപ്പിനെ ചുമതലപ്പെടുത്തിയുമാണ് റവന്യൂ വകുപ്പ് ഉത്തരവ്. രണ്ടു വകുപ്പും കൈകാര്യം ചെയ്യുന്ന സി.പി.ഐ മന്ത്രിമാർക്കെതിരെയും സംസ്ഥാന സെക്രട്ടറിക്കെതിരെയും അവരുടെ പാർട്ടി സംസ്ഥാന കൗൺസിലിൽ ഉയർന്ന വിമർശനത്തിന്‍റെ തുടർച്ചയായാണ് ഈ ഉത്തരവിനെ വിലയിരുത്തുന്നത്.
കമ്പനിക്കാവശ്യമായ ജലം വാട്ടർ അതോറിറ്റി ലഭ്യമാക്കുമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ, വ്യവസായിക ആവശ്യത്തിന് വെള്ളം നൽകാനാകില്ലെന്നായിരുന്നു പാലക്കാട് വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ ഇ.എൻ. സുരേന്ദ്രൻ സർക്കാറിനെ അറിയിച്ചത്. പക്ഷേ, മറ്റൊരു ഘടകകക്ഷി മന്ത്രി റോഷി അഗസ്റ്റിന്‍റെ പിന്തുണ ഈ റിപ്പോർട്ടിന് കിട്ടിയിരുന്നില്ല.
മറ്റൊരു ഘടകകക്ഷിയയ ആർ.ജെ.ഡിയും ബ്രൂവറിക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തുണ്ട്. മുന്നണിയിൽ ചർച്ച ആവശ്യപ്പെട്ട് ആർ.ജെ.ഡി സെക്രട്ടറി ജനറൽ ഡോ. വർഗീസ് ജോർജ് കൺവീനർക്ക് കത്തും നൽകിയിരുന്നു.
പ്രാഥമിക അനുമതി മാത്രം -മന്ത്രി
‘‘ബ്രൂവറിക്ക് സർക്കാർ പ്രാഥമിക അനുമതി മാത്രമാണ് നൽകിയതെന്ന് ഉത്തരവിലുണ്ട്. ബാക്കി അനുമതി കമ്പനി നേടേണ്ടതാണ്. എക്സൈസിന്റെ മുന്നിൽ വരുന്ന കാര്യത്തിൽ മാത്രമാണ് അനുമതി കൊടുത്തത്. അതിന് മറ്റു തടസ്സങ്ങളില്ല. നിലവിലുള്ള എല്ലാ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായിരിക്കുമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഇതോടെ, ഇതുവരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം പൊളിഞ്ഞുപോയെന്നും മനസ്സിലായില്ലേ. വഴിവിട്ട അനുമതിയാണെന്നും ഡീൽ ആണെന്ന് പ്രചരിപ്പിച്ചത് തെറ്റായിപ്പോയെന്നും വ്യക്തമായില്ലേ. ബ്രൂവറിക്കെതിരെ മുന്നണിയിൽ അഭിപ്രായവ്യത്യാസമൊന്നുമില്ല’’- .