'അമ്മയുടെ മകൾ ചുണക്കുട്ടിയും ധൈര്യവതിയുമാണ്'; സിസ്റ്റർ പ്രീതി മേരിയുടെ എളവൂരിലെ വീട് സന്ദർശിച്ച് വൃന്ദ കാരാട്ട്
text_fieldsഛത്തീസ്ഗഢിൽ ജയിൽ വാസം അനുഭവിക്കേണ്ടി വന്ന സിസ്റ്റർ പ്രീതിയുടെ എളവൂരിലെ വീട്ടിൽ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് സന്ദർശിച്ചപ്പോൾ
അങ്കമാലി: ഛത്തീസ്ഗഢിൽ ജയിലിൽ അടക്കപ്പെട്ട ശേഷം മോചിതയായ കന്യാസ്ത്രീ പ്രീതി മേരിയുടെ അങ്കമാലി എളവൂരുള്ള വീട്ടിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് സാന്ത്വനവുമായെത്തി. അമ്മയുടെ മകൾ പ്രീതി നല്ല ചുണക്കുട്ടിയും ധൈര്യവതിയുമാണെന്നും അവളുടെ കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ടെന്നും പ്രീതിയുടെ അമ്മ മേരിയെ തലോടി വൃന്ദ കാരാട്ട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും കെട്ടിച്ചമച്ചതാണ്. അതിനാൽ നീതി ലഭിക്കുമെന്നും 21ന് കേസ് കോടതിയുടെ പരിഗണനക്ക് വരുമ്പോൾ അനുകൂല വിധിയുണ്ടാകുമെന്നത് ഉറപ്പാണെന്നും വൃന്ദ കാരാട്ട് പറഞ്ഞു. പ്രീതിയുടെ സഹോദരൻ ഷൈജുവിനെ കോടതിയിൽ വച്ച് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. നിങ്ങളാരും ഒറ്റക്കല്ലെന്നും കെട്ടിച്ചമച്ച ഈ കേസ് തള്ളിപ്പോകുമെന്നും പ്രശ്നം തീരുന്നത് വരെ ഞങ്ങളെല്ലാവരും ഒപ്പമുണ്ടാകുമെന്നും വൃന്ദ കുടുംബാംഗങ്ങളോട് പറഞ്ഞു. പ്രീതിയുടെ പിതാവ് വർക്കിയുമായും സഹോദരൻ ഷൈജുവും മറ്റ് ബന്ധുക്കളുമായും വൃന്ദ വിശദമായി സംസാരിച്ചു.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയെത്തിയ വൃന്ദ 40 മിനിറ്റോളം പ്രീതിയുടെ കുടുംബാംഗങ്ങളോടൊപ്പം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.
സി.പി.എം അങ്കമാലി ഏരിയ സെക്രട്ടറി കെ. പി.റെജീഷ്, ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല പ്രസിഡന്റ് പി.വി. അനിത, പാർട്ടി പാറക്കടവ് ലോക്കൽ സെക്രട്ടറി ജിബിൻ വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ആർ. രാജേഷ്, ആശ ദിനേശൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ, മുൻ സഹകരണ ബാങ്ക് പ്രസിഡന്റ് സി.എം.സാബു, വി.എ. പ്രഭാകരൻ തുടങ്ങിയവരും വൃന്ദ കാരാട്ടിനൊപ്പമുണ്ടായിരുന്നു.