മരണം വിതക്കുന്ന ലൈനുകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റുള്ള മരണങ്ങൾ ആവർത്തിക്കുമ്പോൾ പരിഹാരമായി നിർദേശിക്കപ്പെടുന്ന ഭൂഗർഭ കേബിൾ സംവിധാനം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ മെല്ലപ്പോക്ക്. ലോടെൻഷൻ വൈദ്യുത ലൈനുകൾ ഷോക്കേൽക്കാത്ത വിധം അപകടമുക്തമാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ നിരത്തുകയാണ് കെ.എസ്.ഇ.ബി.
കേന്ദ്രസർക്കാർ സഹായത്തോടെയുള്ള വിതരണ ശൃംഖല നവീകരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ചില ഭാഗങ്ങൾ ഭൂഗർഭ കേബിൾ പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുത്തിട്ടുണ്ടെങ്കിലും മറ്റിടങ്ങളിൽ പോസ്റ്റും ലൈനുമെന്ന പരമ്പരാഗത രീതിയിൽ സമീപകാലത്തൊന്നും മാറ്റം പ്രതീക്ഷിക്കാനാവില്ല.
അതേസമയം സ്കൂൾ പരിസരങ്ങൾ, തിരക്കേറിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ എ.ബി.സി കണ്ടക്ടറുകൾ ഘടിപ്പിച്ച് ലൈനുകൾ സുരക്ഷിതമാക്കാനാവും. കവേർഡ് കണ്ടക്ടറുകൾ, എ.ബി.സി കണ്ടക്ടറുകൾ എന്നിങ്ങനെ ലൈനുകളിൽനിന്ന് ഷോക്കേൽക്കാത്ത സംവിധാനങ്ങൾ കെ.എസ്.ഇ.ബി വിജയകരമായി ഉപയോഗിക്കുന്നുണ്ടെങ്കിലും കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടില്ല.