മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ഥി പത്രിക പിൻവലിച്ചിട്ടില്ലെന്ന് വരണാധികാരി
text_fieldsകെ. സുന്ദര ബി.ജെ.പി നേതാക്കൾക്കൊപ്പം
മഞ്ചേശ്വരം: മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ഥിയായ കെ. സുന്ദര നാമനിർദേശപത്രിക പിൻവലിച്ചെന്ന ബി.ജെ.പി അവകാശവാദം തള്ളി വരണാധികാരി. കെ. സുന്ദര ഇതുവരെ പത്രിക പിൻവലിച്ചിട്ടില്ലെന്ന് വരണാധികാരി മാധ്യമങ്ങളോട് വ്യക്തമാക്കി. പത്രിക പിൻവലിക്കാൻ ഇന്ന് ഉച്ചക്ക് മൂന്നു മണിവരെ സമയമുണ്ട്. നാമനിർദേശം ചെയ്തവരുടെ ഒപ്പ് പത്രിക പിൻവലിക്കാൻ ആവശ്യമാണെന്നാണ് വിവരം.
2016ലെ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറില്‍ കെ. സുന്ദര എന്ന പേര് നല്‍കിയിരുന്ന അദ്ദേഹത്തിന് 467 വോട്ടുകള്‍ ലഭിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റും അന്നും ഇന്നും സ്ഥാനാർഥിയുമായ കെ. സുരേന്ദ്രന് 89 വോട്ടിനാണ് കഴിഞ്ഞ തവണ പരാജയപ്പെട്ടത്. ബി.എസ്.പി സ്ഥാനാര്‍ഥിയായി പത്രിക സമർപ്പിച്ച കെ. സുന്ദരയും കുടുംബവും ബി.ജെ.പിയിൽ ചേർന്നുവെന്ന് ബി.ജെ.പി നേതൃത്വം ഇന്നലെ പറഞ്ഞിരുന്നു.
അതേസമയം, കെ. സുന്ദരയെ ഫോണിൽ പോലും ലഭിക്കുന്നില്ലെന്ന് ബി.എസ്.പി ജില്ല പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. നാമനിർദേശപത്രിക പിൻവലിക്കാൻ സുന്ദരക്ക് ബി.ജെ.പി പ്രവർത്തകരുടെ സമ്മർദമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുന്ദരയെ കാണാതായത്. ശനിയാഴ്ച വൈകീട്ട് മുതൽ ബന്ധപ്പെടാൻ സാധിക്കുന്നില്ല. മൊബൈൽ ഫോൺ ഒാഫ് ചെയ്ത നിലയിലാണെന്നും ബി.എസ്.പി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
2016ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സുന്ദര ഇത്തവണ ബി.എസ്.പി സ്ഥാനാര്‍ഥിയായാണ് പത്രിക നല്‍കിയത്. ജില്ലയിൽ മറ്റു മണ്ഡലങ്ങളിൽ മത്സരിക്കുന്ന ബി.എസ്.പി സ്ഥാനാർഥികൾക്കൊപ്പം കാസർകോട് പ്രസ് ക്ലബിലെത്തിയാണ് കഴിഞ്ഞയാഴ്ച സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.