Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പ്രൈവറ്റ് ബസ്...

‘പ്രൈവറ്റ് ബസ് ഓടുന്നിടത്ത് കെ.എസ്.ആർ.ടി.സി ഓടാതിരിക്കുന്നത് നയമല്ല’; മന്ത്രി ഗണേഷിനെ തിരുത്തി പിണറായി

text_fields
bookmark_border
Pinarayi vijayan -Ganesh Kumar
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് റൂട്ട് വിഷയത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ നിയമസഭയിൽ പരസ്യമായി തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകളോട് മത്സരിക്കേണ്ടെന്ന് കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവനയാണ് മുഖ്യമന്ത്രി പരസ്യമായി തിരുത്തിയത്. ഗതാഗത മന്ത്രിയുടേതല്ല സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ മന്ത്രി നിലപാട് തിരുത്തി.

മന്ത്രി ഗണേഷ് കുമാർ സഭയിൽ പറഞ്ഞത്:

"കെ.എസ്.ആർ.ടി.സി നഷ്ടത്തിൽ ഓടുന്നതിന്‍റെ രഹസ്യം പരസ്യമായി പറയാം. പ്രൈവറ്റ് ബസിന്‍റെ മുമ്പിൽ കയറി ഓടുന്ന കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായിരുന്നു. പ്രൈവറ്റ് ബസിന് പുതിയ വണ്ടിയായതിനാൽ അവർ മത്സരിച്ച് ഓടാൻ തയാറാണ്. എന്നാൽ, കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ മത്സരിച്ച് ഓടാൻ തയാറല്ല. മത്സരിച്ച് ഓടിയാൽ അപകടം ഉണ്ടാക്കും.

പ്രൈവറ്റ് ബസിന് തലക്കൽ ഓടുന്ന പരിപാടി നിർത്താമെന്ന് താൻ മന്ത്രിയായിരുന്നപ്പോൾ തീരുമാനിച്ചു. പ്രൈവറ്റ് ബസുകാരുടേത് ഒരു ബിസിനസ് ആണ്. അവർ നികുതി അടക്കുന്നതാണ്. സാധാരണക്കാരും പാവപ്പെട്ടവരും താമസിക്കുന്ന മലയോര മേഖലയിൽ അടക്കം പുതിയ ബസുകൾ വാങ്ങി സർവീസ് നടത്തിയപ്പോൾ കളക്ഷൻ വർധിച്ചു. അനാരോഗ്യകരമായ മത്സരത്തിന് പോകേണ്ടെന്ന തീരുമാനമാണ് എടുത്തത്".

മുഖ്യമന്ത്രി തിരുത്തിയത്:

"പ്രൈവറ്റ് ബസ് ഓടുന്ന സ്ഥലത്ത് കെ.എസ്.ആർ.ടി.സി ഓടാതിരിക്കുക എന്നത് നയമായി മന്ത്രി പറയുന്നതായി തോന്നി. അങ്ങനെ വന്നാൽ അത് വലിയ പ്രയാസങ്ങൾ ഉണ്ടാക്കും. അനാരോഗ്യകരമായ മത്സരം പാടില്ലെന്ന് പറയുന്നത് ശരിയാണ്. അത് ഒഴിവാക്കുന്നത് നല്ലതു തന്നെയാണ്. പക്ഷെ, സാധാരണഗതിയിൽ ഇന്ന് കേരളത്തിൽ ധാരാളം സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടിലും കെ.എസ്.ആർ.ടി.സി ബസുകൾ ഓടുന്നുണ്ട്. അവിടുന്നെല്ലാം കെ.എസ്.ആർ.ടി.സി ബസുകൾ പിൻവലിക്കാം എന്ന നയം സർക്കാറിന് പറ്റുന്നതല്ല. ആ തരത്തിൽ പോയാൽ വിഷമമായി മാറുമെന്നത് കൊണ്ടാണ് അത് വ്യക്തമാക്കുന്നത്".

മന്ത്രി ഗണേഷ് തിരുത്തി പറഞ്ഞത്:

"സ്വകാര്യ ബസുകൾ ഓടുന്ന സ്ഥലത്ത് നിന്ന് മാറുന്ന പ്രശ്നമില്ല. സ്വകാര്യ ബസുകൾ ഓടുന്ന സ്ഥലത്ത് കെ.എസ്.ആർ.ടി.സി ബസുകൾ ഓടുന്നുണ്ട്. തീരെ വണ്ടിയില്ലാതിരുന്ന സ്ഥലത്ത് ഓടിച്ചപ്പോൾ കളക്ഷൻ കിട്ടിയെന്നാണ് പറഞ്ഞത്. ലോക്കൽ ബസുകൾ മത്സരിക്കുകയാണ്. അത്തരത്തിൽ പിടിച്ചുനിൽക്കാൻ പറ്റാതെ വന്നു. എല്ലാ സ്ഥലത്ത് നിന്നും മാറി കൊടുക്കും എന്നല്ല അതിന്‍റെ അർഥം.

സ്വകാര്യ ബസിന്‍റെ കുത്തക തകർത്ത് കൊണ്ടാണ് കെ.എസ്.ആർ.ടി.സി മുന്നേറുന്നത്. ബാംഗ്ലൂർ പോകുന്ന ബസുകളിൽ സ്വകാര്യ ബസുകൾക്ക് കിട്ടുന്നതിലും അധികം കളക്ഷനാണ് കിട്ടുന്നത്. പുതിയ വണ്ടികൾ വാങ്ങിച്ച നമ്മൾ മത്സരത്തിൽ മുന്നിലുണ്ട്. ദീർഘദൂര സർവീസുകൾ മുഴുവൻ കെ.എസ്.ആർ.ടി.സിയുടെ കൈയിലാണ്. സ്വകാര്യ ബസിന്‍റെ അടുത്ത് മാറികൊടുക്കുമെന്ന് പ്രതീക്ഷിക്കേണ്ട".

Show Full Article
TAGS:KSRTC KB Ganesh Kumar Private Bus Pinarayi Vijayan 
News Summary - Bus Service Subject: Pinarayi Vijayan corrects Minister Ganesh Kumar
Next Story