കേരളത്തിന്റെ ആരോഗ്യസംരക്ഷണം ജനങ്ങളുടെ മാത്രം ബാധ്യത
text_fieldsകോഴിക്കോട്: കേരളത്തിൽ ആരോഗ്യ സംരക്ഷണത്തിന് സർക്കാർ സംഭാവന വളരെ കുറവാണെന്നും മുക്കാൽ ഭാഗവും ജനങ്ങൾ സ്വന്തംനിലയിൽ പണം ചെലവഴിക്കുകയാണെന്നും സി.എ.ജി റിപ്പോർട്ട്. ചികിത്സക്ക് ജനങ്ങൾ സ്വന്തം കൈയിൽനിന്ന് പണം ചെലവഴിക്കുന്നതിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരളം. ചികിത്സക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.
2018-19 വർഷത്തിൽ കേരളത്തിൽ ആരോഗ്യ സംരക്ഷണത്തിനായി 34548 കോടി രൂപയാണ് ചെലവഴിക്കപ്പെട്ടത്. ഇതിൽ 8676 കോടി (25.10 ശതമാനം) മാത്രമാണ് സർക്കാർ ചെലവഴിച്ചത്. അതേസമയം, ആളുകൾ സ്വന്തം പോക്കറ്റിൽനിന്നെടുത്തത് 23702 കോടിയാണ് (68.6 ശതമാനം). 2016-2022 വരെ 8.16 ലക്ഷം പ്രസവങ്ങളാണ് സർക്കാർ ആശുപത്രികളിൽ നടന്നത്.
ഇതേ കാലയളിൽ 18.71 ലക്ഷം പ്രസവങ്ങൾ സ്വകാര്യ ആശുപത്രികളിൽ നടന്നു. 70 ശതമാനം പ്രസവങ്ങളും നടക്കുന്നത് സ്വകാര്യ ആശുപത്രികളിലാണെന്നും 30 ശതമാനം മാത്രമാണ് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ദേശീയ കുടുംബാരോഗ്യ സർവേയുടെ 2015-16 കണക്ക് പ്രകാരം സംസ്ഥാനത്ത് പ്രസവത്തിന് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ നിരക്ക് 38.30 ശതമാനം ആയിരുന്നു. 2019-20ൽ ഇത് 34.10 ആയി കുറഞ്ഞു. എന്നാൽ, ദേശീയ നിലവാരം ഇതേ കാലയളവിൽ 52.10ൽനിന്ന് 61.90 ആയി ഉയരുകയാണ് ചെയ്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ പൊതുജനാരോഗ്യ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും ആധുനികവത്കരിക്കുന്നതിലും ഉണ്ടായ പോരായ്മകളാണ് ജനങ്ങൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിന് പ്രധാന കാരണമായി പറയുന്നത്. സർക്കാർ ആശുപത്രികളിൽ ബ്ലഡ് ബാങ്കുകളുടെയും ആംബുലൻസുകളുടെയും കുറവ്, സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ അഭാവം, നഴ്സുമാരുടെയും ഫാർമസിസ്റ്റുകളുടെയും തസ്തികകളിലെ കുറവ് തുടങ്ങിയ പോരായ്മകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ഓഡിറ്റ് കണ്ടെത്തി. ഇത് പൊതുജനങ്ങളെ ഗുണനിലവാരമുള്ള ചികിത്സക്കായി സ്വകാര്യ ആശുപത്രികളെ സമീപിക്കാൻ നിർബന്ധിതരാക്കുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.


