‘എം.എൽ.എമാരെ കാണാനെത്തുന്നവരുടെ സങ്കട ചോദ്യത്തിന്റെ യഥാർഥ കാരണമാണ് സി.എ.ജി റിപ്പോർട്ടിലൂടെ പുറത്തുവരുന്നത്...’ -സന്ദീപ് വാര്യർ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത അപേക്ഷകൾക്ക് വിവരം തേടി പലരും എം.എൽ.എമാരെ കാണാനെത്തുന്നുണ്ടെന്നും അവരുടെ അപേക്ഷകൾക്ക് എന്തുപറ്റി എന്നതിന്റെ യഥാർഥ കാരണം ഇപ്പോഴാണ് മനസ്സിലായതെന്നും തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട അഞ്ച് അക്കൗണ്ടുകളിലെ 262.06 കോടി രൂപ സർക്കാർ ക്രമരഹിതമായി തിരിച്ചെടുത്തതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാൻസർ ബാധിച്ച കുട്ടികൾക്കും, 2018 ലെ പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കും, വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്കും സാന്ത്വനമേകാൻ പൊതുജനങ്ങളിൽ നിന്നും സർക്കാർ ജീവനക്കാരിൽ നിന്നും ലഭിച്ച പണമാണ് യാതൊരു മനസ്സാക്ഷിയുമില്ലാതെ കഴിഞ്ഞ സർക്കാർ വകമാറ്റിയിരിക്കുന്നത്. സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥത കൊണ്ടുണ്ടായ റവന്യൂ കമ്മിയും ധനക്കമ്മിയും കുറച്ചു കാണിക്കാനാണ് പാവങ്ങളുടെ ഈ പണം വകമാറ്റിയത്. സർക്കാരിതര ഫണ്ടുകൾ ഇത്തരത്തിൽ സഞ്ചിത നിധിയിലേക്ക് മാറ്റിയത് പൂർണ്ണമായും ക്രമരഹിതമാണെന്ന് സിഎജി അസന്നിഗ്ദ്ധമായി വ്യക്തമാക്കുന്നു. ജനങ്ങളെ ഇത്രത്തോളം വഞ്ചിച്ച മറ്റൊരു സർക്കാരും കേരളത്തിന്റെ ചരിത്രത്തിലില്ല. തങ്ങളുടെ അപേക്ഷകളുമായി ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാവങ്ങളോട് മുൻ മുഖ്യമന്ത്രിയും കൂട്ടരും മറുപടി പറഞ്ഞേ തീരൂ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
‘ഞാനടക്കമുള്ള യുഡിഎഫ് എംഎൽഎമാരെ കാണാനെത്തുന്ന സാധാരണക്കാരിൽ പലരും ഇപ്പോഴും സങ്കടത്തോടെ ചോദിക്കുന്ന ഒരു കാര്യമുണ്ട്. "കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) കൊടുത്ത ഞങ്ങളുടെ അപേക്ഷകൾക്ക് എന്തുപറ്റി?"
അർഹതയുണ്ടായിട്ടും, ഓഫീസുകൾ കയറിയിറങ്ങിയിട്ടും എന്തുകൊണ്ടാണ് ആ പാവങ്ങൾക്ക് അന്ന് സഹായം ലഭിക്കാതിരുന്നത് എന്നതിന്റെ യഥാർത്ഥ കാരണമാണ് സിഎജി റിപ്പോർട്ടിലൂടെ ഇപ്പോൾ പുറത്തുവരുന്നത്.
ക്യാൻസർ ബാധിച്ച കുട്ടികൾക്കും, 2018 ലെ പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കും, വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്കും സാന്ത്വനമേകാൻ പൊതുജനങ്ങളിൽ നിന്നും സർക്കാർ ജീവനക്കാരിൽ നിന്നും ലഭിച്ച പണമാണ് യാതൊരു മനസ്സാക്ഷിയുമില്ലാതെ കഴിഞ്ഞ സർക്കാർ വകമാറ്റിയിരിക്കുന്നത്.
സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട അഞ്ച് എസ്ടിഎസ്ബി (STSB) അക്കൗണ്ടുകളിൽ കിടന്നിരുന്ന 262.06 കോടി രൂപ സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിലേക്ക് മുൻ സർക്കാർ ക്രമരഹിതമായി തിരിച്ചെടുത്തു.
സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥത കൊണ്ടുണ്ടായ റവന്യൂ കമ്മിയും ധനക്കമ്മിയും കുറച്ചു കാണിക്കാനാണ് പാവങ്ങളുടെ ഈ പണം വകമാറ്റിയത്.
സർക്കാരിതര ഫണ്ടുകൾ ഇത്തരത്തിൽ സഞ്ചിത നിധിയിലേക്ക് മാറ്റിയത് പൂർണ്ണമായും ക്രമരഹിതമാണെന്ന് സിഎജി അസന്നിഗ്ദ്ധമായി വ്യക്തമാക്കുന്നു.
അർഹരായ പാവപ്പെട്ട രോഗികളും ദുരിതബാധിതരും സഹായത്തിനായി കാത്തുനിന്നപ്പോൾ, അവർക്ക് കൊടുക്കാനുള്ള പണമെടുത്ത് സ്വന്തം പിടിപ്പുകേട് മറയ്ക്കാൻ ഉപയോഗിക്കുകയായിരുന്നു മുൻ ഭരണാധികാരികൾ.
ജനങ്ങളെ ഇത്രത്തോളം വഞ്ചിച്ച മറ്റൊരു സർക്കാരും കേരളത്തിന്റെ ചരിത്രത്തിലില്ല. തങ്ങളുടെ അപേക്ഷകളുമായി ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാവങ്ങളോട് മുൻ മുഖ്യമന്ത്രിയും കൂട്ടരും മറുപടി പറഞ്ഞേ തീരൂ.


