വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച് കാറും ഫോണും തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ
text_fieldsഷൈജു, സജേഷ്
ഒല്ലൂർ: വീട്ടിലേക്ക് വിളിച്ചുവരുത്തി കാറും പണവും തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേരെ ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കാട്ടുശ്ശേരി പുത്തൻപാടം പുതുവീട്ടിൽ ഷൈജു (50), അമ്മാടം മുട്ടത്തുവീട്ടിൽ സജേഷ് (47) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
ചിരട്ട കൊണ്ടുള്ള ഉൽപന്നങ്ങൾ നിർമിച്ചുനൽകാൻ മുൻകൂറായി രണ്ടര ലക്ഷം രൂപ നൽകാമെന്നും അതിനായി ഷൈജുവിന്റെ പുത്തൻപാടത്തുള്ള വീട്ടിലെത്തണമെന്നും ആവശ്യപ്പെട്ട് നന്തിപുലം സ്വദേശി ജോർജിയോ ശ്രീജിത്തിനെയാണ് വിളിച്ചുവരുത്തിയത്. ഷൈജുവിന്റെ വീട്ടിലെത്തിയ ശ്രീജിത്തിനെ ഹാളിൽ ഇരുത്തി വാതിലുകൾ അടച്ചശേഷം മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് കാറും 1.30 ലക്ഷം രൂപ വിലവരുന്ന മൂന്ന് മൊബൈൽ ഫോണും പഴ്സിലുണ്ടായിരുന്ന പണവും എ.ടി.എം കാർഡുകളും ഇവർ കൈക്കലാക്കി. ചില മുദ്രപത്രങ്ങളിൽ നിർബന്ധിച്ച് ഒപ്പിടുവിക്കുകയും ചെയ്തുവെന്നാണ് പരാതി. ഒല്ലൂർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.