ഒപ്പിട്ടത് ഊരാക്കുടുക്കിൽ; പി.എം ശ്രീയിൽനിന്ന് പിന്മാറാനാകില്ല
text_fieldsതിരുവനന്തപുരം: സി.പി.ഐ സമ്മർദം ചെലുത്തിയാലും പി.എം ശ്രീയിൽനിന്ന് പിന്മാറാൻ ഇനി കേരളത്തിനാകില്ല. ഇക്കാര്യം പ്രത്യേകം വ്യക്തമാക്കുന്ന ധാരണാപത്രത്തിലാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന മൂന്ന് ഉദ്യോഗസ്ഥർ ഇടത് സർക്കാറിന്റെ നിർദേശ പ്രകാരം ഒപ്പിട്ടത്. പിൻവലിക്കൽ, റദ്ദാക്കൽ, അവസാനിപ്പിക്കൽ എന്നിവയിലുള്ള സമ്പൂർണ അധികാരം കേന്ദ്രസർക്കാർ, കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം, കേന്ദ്രവിദ്യാഭ്യാസ -സാക്ഷരത വകുപ്പ് എന്നിവയിൽ മാത്രം നിക്ഷിപ്തമാണെന്നാണ് ധാരണാപത്രത്തിന്റെ അവസാനത്തിൽ വ്യവസ്ഥ ചെയ്യുന്നത്.
കരാർ നിബന്ധനകളിൽ ഭേദഗതി, തിരുത്തൽ എന്നിവ രണ്ട് കക്ഷികളുടെയും (കേന്ദ്ര, സംസ്ഥാന സർക്കാറുകൾ) പരസ്പര സമ്മതത്തോടെ മാത്രമേ നടപ്പാക്കാൻ കഴിയൂ എന്നും ധാരണാപത്രത്തിൽ പറയുന്നു. ഒപ്പുവെക്കുന്ന തീയതി മുതൽ പ്രാബല്യമുണ്ട്. പദ്ധതിക്ക് നിലവിൽ നിശ്ചയിച്ച കാലപരിധിയായ 2027 മാർച്ച് 31 വരെയോ അല്ലെങ്കിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ -സാക്ഷരത വകുപ്പ് വ്യക്തമാക്കുന്ന മറ്റേതെങ്കിലും തീയതി വരെയോ ധാരണാപത്രം സാധുവാണെന്നും ഒപ്പിട്ട രേഖയിലുണ്ട്.
പദ്ധതി കാലയളവിന് ശേഷം പി.എം ശ്രീ സ്കൂളുകൾ സംസ്ഥാനം ഏറ്റെടുക്കുകയും പദ്ധതി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ തുടരുകയും ചെയ്യണം. പി.എം ശ്രീ സ്കൂളുകൾക്ക് മേൽ കൃത്യമായ നിരീക്ഷണത്തിനുള്ള സംവിധാനങ്ങളും നിർദേശിച്ചിട്ടുണ്ട്. സ്കൂളുകളുടെ നിലവിലുള്ള പേരുകൾക്ക് മുന്നിൽ ‘പി.എം ശ്രീ’ എന്ന് കൂട്ടിച്ചേർക്കണം. പിന്നീടൊരിക്കലും മാറ്റാൻ പാടില്ല.


