ലഹരി വിൽപ്പന വിലക്കിയതിന്‍റെ വൈരാഗ്യത്തിൽ കാറും ബൈക്കും കത്തിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍
text_fieldsഅറസ്റ്റിലായ പ്രതികൾ
പാറശ്ശാല: ലഹരിമരുന്ന് കച്ചവടം വിലക്കിയതില്‍ രോഷാകുലരായി കാറിനും ബൈക്കിനും തീവെച്ച സംഭവത്തില്‍ മൂന്ന് പേരെ പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തു. പാറശ്ശാല മുര്യങ്കര പാലക്കുഴി വീട്ടില്‍ റെജി (25), മേക്കോട്, കളിയിക്കാവിള ആലുവിള വീട്ടില്‍ സാജന്‍ (29), ധനുവച്ചപുരം, കരിക്കകത്ത് വീട്ടില്‍ അഭിന്‍ രാജ് (21) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു സംഭവം. സമീപവാസികളായ ഷൈന്‍, പ്രശാന്ത് തുടങ്ങിയവരുടെ വാഹനങ്ങളാണ് കത്തിച്ചത്.
പാലക്കുഴിയിലെ അംഗൻവാടി വളപ്പിലിരുന്ന് സ്ഥിരമായി ഒരു സംഘം മയക്കുമരുന്ന് ഉപയോഗിക്കുമായിരുന്നു. സംഭവദിവസം എട്ടോളം പേരടങ്ങുന്ന സംഘം പ്രദേശത്ത് തമ്പടിച്ചിരുന്നു. ഇത് പ്രദേശവാസിയായ പ്രശാന്തും ഷൈനും വിലക്കി. ഇതിലുള്ള വൈരാഗ്യത്താലാണ് വാഹനങ്ങള്‍ കത്തിച്ചത്.
നേരത്തെ ഇവിടെ ലഹരിസംഘം വീട് അടിച്ച് തകര്‍ക്കുകയും വീട്ടുകാരെ വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവം നടന്നിരുന്നു.
സി.ഐ സതികുമാര്‍, എസ്.ഐ സുജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.