ആംബുലൻസിന് കാർ യാത്രികൻ വഴിമുടക്കിയെന്ന് പരാതി; ആശുപത്രിയിലെത്തും മുമ്പേ രോഗി മരിച്ചു
text_fieldsമട്ടന്നൂര്‍: ഹൃദയാഘാതത്തെ തുടർന്ന് രോഗിയുമായി ആശുപത്രിയിലേക്ക് കുതിച്ച ആംബുലൻസിന് കാർ യാത്രികൻ വഴിമുടക്കിയെന്ന് പരാതി. പലതവണ ഹോൺ മുഴക്കിയിട്ടും കാർ തലങ്ങും വിലങ്ങും വഴി തടസ്സപ്പെടുത്തിയെന്നാണ് ആക്ഷേപം. ആശുപത്രിയിലെത്തും മുമ്പേ രോഗി മരിക്കുകയും ചെയ്തു. മട്ടന്നൂരിൽനിന്ന് തലശ്ശേരിയിലേക്ക് പോയ ആംബുലൻസിനാണ് റോഡിൽ ദുരനുഭവം.
കളറോഡിലെ റുഖിയയാണ് മരിച്ചത്. ആംബുലന്‍സിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം നാട്ടുകാർ അറിഞ്ഞത്. വ്യാഴാഴ്ച വൈകീട്ട് 5.20ഓടെയായിരുന്നു സംഭവം. സംഭവത്തിൽ അമ്മ പെയിൻ പാലിയേറ്റിവ് ആംബുലന്‍സ് ഡ്രൈവര്‍ ശരത്ത് നെല്ലൂന്നി മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് അധികൃതർക്ക് പരാതി നൽകി.
കാര്‍ ഡ്രൈവറുടെ വിശദീകരണം കൂടി അറിഞ്ഞ ശേഷമായിരിക്കും നടപടി സ്വീകരിക്കുകയെന്ന് അധികൃതർ പറഞ്ഞു. പരിശീലനക്കുറവാണോ ഡ്രൈവര്‍ വാഹനം നിർത്താൻ താമസിച്ചതിനു കാരണമായതെന്ന കാര്യവും പരിശോധിക്കും. സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതമാണ് ആംബുലന്‍സ് ഡ്രൈവര്‍ പരാതി നല്‍കിയത്. ഏതാനും മിനിറ്റുകളാണ് കാർ ഡ്രൈവർ പ്രയാസപ്പെടുത്തിയതെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു.