കോഴിക്കടയിൽ മോഷണം; സി.സി.ടി.വി നോക്കിയപ്പോൾ മോഷ്ടാവ് അതേ കടയിലെ തൊഴിലാളി!
text_fieldsതിരുവല്ല: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ മോഷണം നടത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ സി.സി ടി.വി കുടുക്കി. തിരുവല്ലയിലെ പൊടിയാടിയിലാണ് സംഭവം. ജോർജ് ജോസഫിന്റെ ഉടമസ്ഥതയിൽ പൊടിയാടി ജങ്ഷനിൽ പ്രവർത്തിക്കുന്ന ഇടക്കുന്നിൽ ചിക്കൻ സെൻററിലാണ് മോഷണം നടന്നത്. സംഭവത്തിൽ കടയിലെ ജീവനക്കാരൻ ഒഡിഷ സ്വദേശി ചന്ദ്രകാന്ത് ജന (26) പിടിയിലായി.
തിങ്കളാഴ്ച രാവിലെ കട തുറക്കാൻ ആയി ഉടമ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തൊഴിലാളിയായ ചന്ദ്രകാന്ത് ജനയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. തുടർന്ന് ഉടമയുടെ മകൻ ഇയാളുടെ താമസസ്ഥലത്ത് എത്തി. കാര്യങ്ങൾ ചോദിച്ചപ്പോൾ സംഭവം സംബന്ധിച്ച് അറിവില്ല എന്ന മറുപടി നൽകി. തുടർന്ന് ചന്ദ്രകാന്ത് ജനയുമായി കടയിലെത്തി സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് സംഭവത്തിന് പിന്നിൽ ഇയാൾ തന്നെയാണെന്ന് വ്യക്തമായത്.
നാമമാത്രമായ തുക മാത്രമാണ് നഷ്ടമായത്. സ്ഥാപനത്തിലെ മേശയുടെ അറകളും ഫ്രീസറും കുത്തി തുറന്ന നിലയിലാണ്. ഫയലുകൾ ഉൾപ്പെടെയുള്ളവ വാരിവലിച്ച് ഇട്ട നിലയിലും ആയിരുന്നു. സിസിടിവികളിൽ ഒരെണ്ണം തകർത്തിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് ഇയാൾ സ്ഥാപനത്തിൽ ജോലിക്കായി എത്തിയത്. ഉടമയുടെ പരാതിയിൽ സ്ഥലത്തെത്തിയ പുളിക്കീഴ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.


