ഏഴാറ്റുമുഖം വനത്തോട് ചേർന്ന മൂക്കന്നൂർ നിവാസികൾ പുലിപ്പേടിയിൽ; സി.സി.ടി.വി കാമറയിൽ പുലിയുടെ ദൃശ്യം
text_fieldsഅങ്കമാലി: ഏഴാറ്റുമുഖം വനമേഖലയുമായി ബന്ധപ്പെട്ട മൂക്കന്നൂർ പഞ്ചായത്തിലെ ഒലിവ് മൗണ്ട് ഭാഗത്ത് അർധരാത്രി വീടിന് മുറ്റത്ത് പുലിയിറങ്ങി. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ജനവാസ കേന്ദ്രമായ ഒലിവ് മൗണ്ടിലെ ആഞ്ഞിലിക്കൽ സിജു ഫ്രാൻസിസിന്‍റെ വീട്ടുമുറ്റത്താണ് കഴിഞ്ഞ ദിവസം രാത്രിയിൽ പുലി ഇറങ്ങിയതിൻ്റെ സി.സി. ടി.വി ദൃശ്യങ്ങൾ കാണാനിടയായത്. അർധരാത്രി പുലിയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞതോടെ നാട്ടുകാർ പുലിപ്പേടിയിലായിരിക്കുകയാണ്. വീടിനു മുന്നിൽ അൽപ്പനേരം നിലയുറപ്പിച്ച പുലി നായയുടെ കുരച്ചിൽ കേട്ടിട്ടാകാം ഓടിമറയുന്ന ദൃശ്യവും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. രാത്രി ഏകദേശം 11 മണിയോടെയാണ് പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്.
സിജുവും കുടുംബവും പള്ളിപ്പെരുന്നാൾ കഴിഞ്ഞ് 11.30ഓടെയാണ് വീട്ടിലെത്തുന്നത്. ഈ സമയം വീട്ടിലെ വളർത്തുനായ അസാധാരണമായ നിലയിൽ കുരക്കുകയും, പരിഭ്രാന്തമായ നിലയിലുമായിരുന്നു. ഉറങ്ങാദുള്ള തിരക്കിൽ അത് കാര്യമാക്കാതെ വീട്ടിൽ പ്രവേശിച്ചു. എന്നാൽ പിറ്റേന്ന് രാവിലെ സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യം കണ്ടതെന്ന് സിജു പറഞ്ഞു. ഏഴാറ്റുമുഖം കാടിന് ഏതാനും കിലോമീറ്ററുകൾക്കടുത്തുള്ള പ്രദേശമാണിവിടം. പ്രാന്ത പ്രദേശങ്ങളിൽ കാട്ടാനാകളും, കാട്ടുപന്നികളും ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി കൃഷികൾക്കും, മറ്റ് വസ്തുവകകൾക്കും നാശനഷ്ടമുണ്ടാക്കുന്നത് പതിവാണ്.
ഏതാനും വർഷം മുമ്പ് ഒരു കിലോമീറ്ററോളം ദൂരത്ത് റബർ തോട്ടത്തിൽ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയുടെ കഴുത്തിൽ റബർ മരത്തിൽ നിന്ന് പുലി ചാടി വീണ് ഉപദ്രവിച്ചെങ്കിലും സാരമായ പരുക്കുകളോടെ ജീവൻ തിരിച്ചു കിട്ടുകയുണ്ടായി. എങ്കിലും മാസങ്ങളോളം ചികിത്സ നടത്തേണ്ടി വന്നു. പ്രദേശവാസികൾ പലരും പല സന്ദർഭങ്ങളിൽ പുലിയെ കണ്ടതായി പറയുന്നുണ്ടെങ്കിലും സിജുവിൻ്റെ സി.സി.ടി.വി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെ നാട്ടുകാർ ഭീതിയിലായിരിക്കുകയാണ്.' ചുറ്റുഭാഗങ്ങളിൽ കാടുകളുള്ള ജനവാസകേന്ദ്രങ്ങളിൽ നിരവധി വീടുകളും, സ്ഥാപനങ്ങളും, വഴികളുമുണ്ട്. സംഭവം വനം വകുപ്പ് അധികൃതരെ അറിയിച്ചതിനെത്തുടർന്ന് റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.
സിജോവിൻ്റെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ ചിത്രം പുലിയുടേതാണെന്ന് സ്ഥിതീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം മറ്റ് സൂചനകളൊന്നും ലഭ്യമായിച്ചില്ല. വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വന്യജീവി ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇത് സംബന്ധിച്ച് നാട്ടുകാർ അധികൃതർക്കു പരാതി നൽകുകയും, പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് വരുകയാണത്രെ. അതിനിടെയാണ് നാട്ടുകാരെ ഒന്നാകെ ഭീതിപ്പെടുത്തുന്ന പുലിയുടെ സാന്നിധ്യവുമുണ്ടായിട്ടുള്ളത്.