തിരുവോണത്തിന്റെ വരവറിയിച്ച് അത്തം ഘോഷയാത്ര
text_fieldsതൃപ്പൂണിത്തുറയിൽനടന്ന അത്തം ഘോഷയാത്രയിൽനിന്ന്
തൃപ്പൂണിത്തുറ: കൊച്ചി രാജാവിന്റെ ചമയ പുറപ്പാടിനെ അനുസ്മരിപ്പിച്ച് അത്തം ഘോഷയാത്ര തൃപ്പൂണിത്തുറ രാജവീഥിയിലേക്കിറങ്ങിയതോടെ മലയാളത്തിന്റെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. തൃപ്പൂണിത്തുറ ഗവ. ബോയ്സ് സ്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അത്താഘോഷം ഉദ്ഘാടനം ചെയ്തു.
ചവിട്ടി താഴ്ത്തലുകളെ അതിജീവിക്കുന്നതിന്റെയും അതിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്നതിന്റെയും ആഘോഷമാണ് ഓണമെന്ന് അദ്ദേഹം പറഞ്ഞു. മറിച്ച് വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായെങ്കിലും അതെല്ലാം മലയാളികൾ തള്ളിക്കളഞ്ഞത് അഭിമാനത്തോടെ വേണം ഓർക്കാൻ. തുല്യതയുടെയും സമത്വത്തിന്റെയും സന്ദേശമാണ് ഓണം നൽകുന്നത്. എത്ര ചവിട്ടി താഴ്ത്തിയാലും സമത്വ ദർശനം ഏത് പാതാളത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുമെന്ന ആശയമാണ് ഓണം മുന്നോട്ടു വെക്കുന്നത്. ഒരുതരത്തിലുള്ള വ്യത്യാസവുമില്ലാതെ മനുഷ്യരെ മുഴുവൻ ഒന്നായി കാണുന്ന മറ്റൊരാഘോഷം ഇന്ത്യയിൽ മറ്റൊരിടത്തുമില്ലെന്നതും നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. പ്ലാസ്റ്റിക്കിനെ പൂർണമായും ഒഴിവാക്കി ഹരിത ചട്ടങ്ങൾ പാലിച്ച് വേണം ഓണാഘോഷങ്ങൾ നടത്താനെന്നും മാവേലിയെ ശുചിത്വത്തിന്റെ ബ്രാൻഡ് അംബാസഡറാക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി പി. രാജീവ് അത്തപ്പതാകയുയർത്തി. നടൻ ജയറാം അത്തം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കെ. ബാബു എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എം.പി, അനൂപ് ജേക്കബ് എം.എൽ.എ, ജില്ല കലക്ടർ ജി. പ്രിയങ്ക, രമേഷ് പിഷാരടി എന്നിവർ മുഖ്യാതിഥികളായി. അത്തച്ചമയം ഘോഷയാത്രയോടെയാണ് സംസ്ഥാന സർക്കാറിന്റെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
ചെമ്പിലരയന്റെയും കരിങ്ങാച്ചിറ കത്തനാരുടെയും നെട്ടൂർ തങ്ങളുടെയും പ്രതിനിധികൾ സാക്ഷ്യം വഹിച്ച ചടങ്ങിലാണ് ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് നടന്നത്. തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ രമ സന്തോഷ്, ഉപാധ്യക്ഷൻ കെ.കെ. പ്രദീപ് കുമാർ, മുനിസിപ്പൽ സെക്രട്ടറി പി.കെ. സുഭാഷ്, അത്താഘോഷ കമ്മിറ്റി ജന. കൺവീനർ പി.ബി. സതീശൻ, ജനപ്രതിനിധികൾ, സാമൂഹിക - സാംസ്കാരിക - രാഷ്ട്രീയ - മത നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.