നൂറ്റാണ്ട് സാക്ഷി; ഉത്തര കേരളത്തിലേക്ക് തൂവെള്ളസാഗരം
text_fieldsകുണിയ(കാസര്‍കോട്): കേരള മുസ്‍ലിം ജനതക്ക് ആത്മീയ ദിശാബോധം നൽകി നൂറ്റാണ്ട് തികച്ച സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് സാഭിമാനം കൊടിയിറക്കം. കേരളത്തിന്റെ വിവിധ ദിക്കുകളിൽനിന്ന് ഒഴുകിയെത്തുന്ന പ്രവർത്തകർ പച്ചപ്പാടങ്ങൾ അതിരിട്ട ഗ്രാമത്തെ തൂവെള്ള സാഗരമാക്കും.
കേരളത്തിലെ രാഷ്ട്രീയനേതൃത്വം അപ്പാടെ പങ്കെടുക്കുന്ന സമാപന സമ്മേളനം വൈകീട്ട് നാലിന് ഈജിപ്ത് അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി റെക്ടര്‍ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥന നിര്‍വഹിക്കും.പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
സമസ്ത സെന്റിനറി അവാര്‍ഡ് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലിക്ക് സമ്മാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പുതുച്ചേരി പ്രതിപക്ഷ നേതാവ് ആര്‍.ശിവ, പുതുച്ചേരി എം.പി വി. വൈദ്യലിംഗം, ബംഗളൂരു ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്‍.എ. ഹാരിസ്, ഗള്‍ഫാര്‍ മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുക്കും.


