ജാതി സെൻസസിന്റെ മറവിൽ കേന്ദ്രം സർക്കാർ ജാതി-മത വിഭജനം നടത്തുന്നു: മെക്ക
text_fieldsകൊച്ചി: രാജ്യത്തെ സാമൂഹ്യ-വിദ്യാഭ്യാസ-ജാതി സെൻസസ് അട്ടിമറിച്ച് ജാതി-മത വിഭാഗീയതയും വിദ്വേഷവും വളർത്തുന്ന തരത്തിലാണ് കേന്ദ്ര സർക്കാർ പുതിയ ജാതി സെൻസസ് നടത്തുന്നതെന്ന് മെക്ക. 2026 നവംബർ 15 മുതൽ ആരംഭിച്ച സെൻസസ് പരിശീലന ക്ലാസുകളും മതങ്ങളെ വേർതിരിച്ചുള്ള ഡ്രോപ് ഡൗൺ മെനുവും ആസൂത്രിതമായി പുറത്തുവിട്ടിട്ടുള്ളതാണ്.
2011 വരെ നടന്ന ദശവാർഷിക സെൻസുകളിൽ ഇന്ത്യയിലെ പ്രധാന മതങ്ങളായ ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം, സിഖ്, ബുദ്ധ, ജൈന എന്ന 6 വിഭാഗങ്ങളും ഇതിൽ ഒന്നും പെടാത്ത മതം വെളിപ്പെടുത്താത്തവരെ 'മറ്റുള്ളവർ' എന്ന ഗണത്തിലുമാണ് രേഖപ്പെടുത്തിപ്പോന്നിരുന്നത്. അതിനു വിപരീതമായി 287 ആശയ-ചിന്താധാരകളോടെ കഴിയുന്ന പൗരന്മാരെ മറ്റു മതങ്ങളുടെ കോളത്തിൽ ചേർക്കുവാൻ ഉതകും വിധം ഡ്രോപ് ഡൗൺ മെനു അനുസരിച്ച് തയ്യാറാക്കിയ പോർട്ടൽ പുറത്തുവിട്ടത് ആസൂത്രിതമായ വൻ ഗൂഢാലോചനയാണ്.
ജാതി കോളത്തിനു ശേഷം OBC/SEBCക്ക് സംസ്ഥാന തലത്തിൽ അംഗീകരിച്ച പട്ടികയനുസരിച്ച് 41-ാമത് ചോദ്യവും കോളവും വേണമെന്ന് രാജ്യമെമ്പാടും ശക്തമായ ആവശ്യം ഉയർന്നിരുന്നു. ഈ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ വരെ സമീപിച്ചിട്ടും OBC കോളം എന്ന ആവശ്യം പരിഗണിച്ചിട്ടില്ല. പകരം നിലവിലുള്ള ആറു മതവിഭാഗങ്ങൾക്കു പുറമെ 287 മറ്റു മതങ്ങളെ സൃഷ്ടിച്ച കേന്ദ്ര സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും സെൻസസ് കമ്മീഷണറുടെയും കുബുദ്ധി 140 ലധികം കോടി ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്ത് ജാതി - മത ചേരിതിരിവ് സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി പ്രസ്താവനയിൽ ആരോപിച്ചു.
സംസ്ഥാന തല അംഗീകൃത OBC/SEBC പട്ടികയും നാൽപ്പത്തിയൊന്നാമത് ചോദ്യവും കോളവും ഏർപ്പെടുത്തിയ ശേഷമേ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ സെൻസസ് രണ്ടാം ഘട്ടം ആരംഭിക്കാവൂ. സെൻസസിന്റെ എല്ലാവിധ സദുദ്ദേശങ്ങളും നിറവേറ്റാൻ ഇത് അത്യാവശ്യമാണെന്നും കേന്ദ്ര സർക്കാരിനും സെൻസസ് കമ്മീഷണർക്കും നൽകിയ നിവേദനത്തിൽ എൻ.കെ. അലി ആവശ്യപ്പെട്ടു



