സി. സദാനന്ദൻ രാജ്യസഭയിലേക്ക്: ബി.ജെ.പിക്ക് ഇരട്ട ലക്ഷ്യം
text_fieldsതിരുവനന്തപുരം: സി.പി.എമ്മുമായുള്ള സംഘർഷത്തിൽ രണ്ട് കാലും നഷ്ടമായ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തതിൽ പാർട്ടിക്ക് ഇരട്ട ലക്ഷ്യം. പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന് കൂടുതൽ സംഘടനോത്സുകരാക്കുകയും സി.പി.എമ്മിന്റെ ആക്രമ രാഷ്ട്രീയം തുറന്നുകാട്ടുകയുമാണ് നേതൃത്വം മുന്നിൽകാണുന്നത്. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് ദേശീയ നേതൃത്വം ആവിഷ്കരിച്ച ‘മിഷൻ കേരള 2025-26’ന്റെ പദ്ധതികളിലൊന്ന് കൂടിയാണിത്.
‘വികസിത കേരളം’ എന്ന മുദ്രാവാക്യമുയർത്തി മുന്നോട്ടുപോകുന്ന പാർട്ടിയുടെ സി.പി.എമ്മിനെതിരായ ആയുധങ്ങളിൽ പ്രധാനം അക്രമ രാഷ്ട്രീയം തുറന്നുകാട്ടലാണ്. സി.പി.എമ്മിനുള്ള ‘ആക്രമണ പാർട്ടി’ ലേബൽ സജീവമായി നിലനിർത്താൻ ബി.ജെ.പി ഇനി ചർച്ചകളുയർത്തും.
ജീവിക്കുന്ന രക്തസാക്ഷികളെന്ന് വിശേഷിപ്പിച്ച സി.പി.എമ്മിലെ പുഷ്പനെയും സൈമൺ ബ്രിട്ടോയെയും പോലെ ജീവിക്കുന്ന ബലിദാനിയാണ് സംഘപ്രവർത്തകർക്ക് സദാനന്ദൻ. അക്രമ രഹിതവും അവസര സമ്പന്നവുമായ ബി.ജെ.പിയുടെ ‘വികസിത കേരള’ നിർമാണത്തിന് ശക്തി പകരുന്നതാണ് സദാനന്ദന്റെ രാജ്യസഭ സാന്നിധ്യമെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.