വീടുകളിൽ ഉറങ്ങിക്കിടന്ന സ്ത്രീകളുടെ മാലകൾ കവർന്നു; മോഷ്ടാക്കൾ അകത്തുകടന്നത് അടുക്കള വാതിൽ തകർത്ത്, കുറുവ സംഘമെന്ന് സംശയം
text_fieldsമോഷണം നടന്ന വീട്ടിൽ പൊലീസും വിരലടയാള വിദഗ്‌ധരും എത്തി തെളിവുകൾ ശേഖരിക്കുന്നു
മണ്ണഞ്ചേരി: ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകളിലെ വീടുകളിൽ വീണ്ടും കുറുവ സംഘമെന്ന് സംശയിക്കുന്നവരുടെ മോഷണം. ഉറങ്ങിക്കിടന്ന വീട്ടമ്മമാരുടെ മാലകൾ പൊട്ടിച്ചെടുത്തു. സമീപത്തെ നിരവധി വീടുകളിൽ മോഷണ ശ്രമവും നടത്തി.
മണ്ണഞ്ചേരി റോഡുമുക്ക് പടിഞ്ഞാറ് മാളിയേക്കൽ വീട്ടിൽ കുഞ്ഞുമോന്റെ ഭാര്യ ഇന്ദുവിന്റെ മൂന്നര പവന്റെ സ്വർണമാലയും സമീപ വാർഡിൽ കോമളപുരം പടിഞ്ഞാറ് നായിക്യംവെളി വീട്ടിൽ അജയകുമാറിന്റെ ഭാര്യ ഇന്ദുവിന്റെ മാലയുമാണ് കവർന്നത്. ഇന്ദുവിന്റെ കഴുത്തിൽ കിടന്നത് മുക്കു പണ്ടമായിരുന്നുവെങ്കിലും താലി സ്വർണമായിരുന്നു. താലി പിന്നീട് വീട്ടിലെ തറയിൽനിന്ന് ലഭിച്ചു.
സമീപത്തെ പോട്ടയിൽ സിനോജ്, കോമളപുരം ടാറ്റാ വെളിക്ക് പടിഞ്ഞാറ് അഭിനവം വീട്ടിൽ വിനയചന്ദ്രൻ എന്നിവരുടെ വീടുകളുടെ അടുക്കള വാതിലുകളും പൊളിച്ച നിലയിലാണെങ്കിലും ഒന്നും നഷ്‌ടപ്പെട്ടിട്ടില്ല. ആലപ്പുഴ നോർത്ത്, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളിൽ ചൊവ്വാഴ്ച പുലർച്ചെ പന്ത്രണ്ട് മുതലാണ് മോഷണപരമ്പര തുടങ്ങിയത്. പ്രദേശത്തു നിന്നു ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് രണ്ടാഴ്ച മുമ്പ് മണ്ണഞ്ചേരി നേതാജി ജങ്ഷന് സമീപം മോഷണശ്രമം നടത്തിയ മോഷ്‌ടാക്കൾ തന്നെയാണ് ഇവരെന്നാണ് സൂചന.
രാത്രി മഴ പെയ്യുന്ന സമയത്തായിരുന്നു മോഷണങ്ങൾ. നടന്നാണ് കള്ളൻമാർ വീടുകളിലെത്തിയത്. ദൂരെ എവിടെയെങ്കിലും വാഹനംവെച്ച ശേഷം ഇവിടേക്ക് നടന്നു വന്നതായാണ് പൊലീസ് കരുതുന്നത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും മോഷ്‌ടാക്കൾ കടന്നു കളയുകയായിരുന്നു.
ആലപ്പുഴ ഡി.വൈ.എസ്.പി മധു ബാബു വീടുകൾ സന്ദർശിച്ചു. പൊലീസ് നായും വിരലടയാള വിദഗ്‌ധരും എത്തി തെളിവുകൾ ശേഖരിച്ചു.