ബസ് എവിടെയെത്തി, സീറ്റുണ്ടോ?; ഇനിയെല്ലാം ചലോ ആപ് വഴി അറിയാം
text_fieldsതിരുവനന്തപുരം: കാത്തുനിൽക്കുന്ന സ്റ്റോപ്പിലേക്ക് എത്ര മിനിറ്റിനുള്ളിൽ ബസ് എത്തും, വരുന്ന ബസിൽ സീറ്റുണ്ടോ, പിന്നാലെ മറ്റ് ബസുകളുണ്ടോ?... കെ.എസ്.ആർ.ടി.സി യാത്രക്കാർ അറിയാൻ ആഗ്രഹിക്കുന്ന ഇത്തരം വിവരങ്ങൾക്കെല്ലാം മറുപടിയാവുകയാണ് ചലോ ആപ്. ട്രെയിനുകളുടെ മാതൃകയിൽ ബസുകളുടെ തത്സമയ ലൊക്കേഷൻ വിവരം മാപ്പിലൂടെ ലഭ്യമാക്കുന്ന കെ.എസ്.ആർ.ടി.സിയുടെ പുതിയ സംരംഭം ജനപ്രിയമാകുന്നു.
ടിക്കറ്റ് മെഷീനിലെ ജി.പി.എസ് ഡേറ്റ ഉപയോഗിച്ചാണ് ഇൻഫർമേഷൻ സംവിധാനം പ്രവർത്തിക്കുന്നത്. സ്റ്റോപ്പിലെത്തി ആപ് തുറന്ന് മാപ്പിൽ പ്രവേശിച്ചാൽ യാത്രക്കാരന്റെ നിശ്ചിത ചുറ്റളവിലെ ബസുകൾ കാണാനാകും. യാത്രക്കാരന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ സ്വീകരിച്ചാണ് വിവരങ്ങൾ ലഭ്യമാക്കുക. പോകേണ്ട ബസ് സെലക്ട് ചെയ്താൽ അതിന്റെ നിലവിലെ ലൊക്കേഷനും എത്ര മിനിറ്റിനുള്ളിൽ എത്തുമെന്നതും റൂട്ടും കൃത്യമായി കാണാം.
സീറ്റുണ്ടെങ്കിൽ പച്ച, ഇല്ലെങ്കിൽ ചുവപ്പ്
ടിക്കറ്റ് യന്ത്രവുമായി ബന്ധിപ്പിച്ചാണ് ആപ് പ്രവർത്തിക്കുന്നത് എന്നതിനാൽ എന്റർ ചെയ്യുന്ന ടിക്കറ്റുകളുടെ എണ്ണം കണക്കാക്കിയാണ് ബസിൽ സീറ്റുണ്ടോ എന്ന വിവരം ലഭ്യമാക്കുന്നത്. ഉദാഹരണം തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്കുള്ള 50 സീറ്റുള്ള ബസിൽ 65 യാത്രക്കാരുണ്ടെന്ന് കണക്കാക്കുക. കൊല്ലത്തുനിന്ന് ഈ ബസിൽ കയറാനുദ്ദേശിക്കുന്നയാൾ ആപ് വഴി പരിശോധിക്കുമ്പോൾ ‘സീറ്റില്ല’ എന്ന വിവരം കടും ചുവപ്പ് നിറത്തിൽ കാണിക്കും. ബസിൽ 52 പേരാണ് ഉള്ളതെങ്കിൽ ഓറഞ്ച് നിറത്തിൽ ‘യാത്രക്കാർ നിൽക്കുന്നു’ എന്ന വിവരം ലഭ്യമാകും. ഇനി 30 പേരേ ഉള്ളൂവെങ്കിൽ പച്ച നിറത്തിലാണ് ‘സീറ്റ് ലഭ്യമാണ്’ എന്ന വിവരം തെളിയുക.
ചൂടപ്പം പോലെ ട്രാവൽ കാർഡുകൾ
നിലവിലെ ട്രാവൽ കാർഡുകളുടെ റീ ചാർജിങും ഇനി ആപ് വഴി സാധിക്കും. ഒരു ലക്ഷം ട്രാവൽ കാർഡുകൾ കെ.എസ്.ആർ.ടി.സി അച്ചടിച്ചെങ്കിലും അതെല്ലാം ചൂടപ്പം പോലെ വിറ്റുപോയി. ആവശ്യക്കാരുണ്ടെങ്കിലും കാർഡ് കിട്ടാനില്ലാത്ത സ്ഥിതിയാണ്. രണ്ടാഴ്ചക്കുള്ളിൽ രണ്ട് ലക്ഷം കാർഡുകൾ കൂടി എത്തുമെന്നാണ് അധികൃതർ പറയുന്നത്.
ഇതിലൂടെ പണം മുൻകൂട്ടി കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലെത്തുമെന്നതാണ് സൗകര്യം. വിദ്യാർഥി കണ്സെഷന് കാര്‍ഡുകളും ഭിന്നശേഷിക്കാര്‍ക്ക് ഉള്‍പ്പെടെയുള്ള എല്ലാ വിധ യാത്രാ പാസുകളും ഡിജിറ്റൽ കാര്‍ഡിലേക്ക് മാറും. വിദ്യാർഥികൾ കാര്‍ഡ് പുതുക്കാന്‍ വര്‍ഷം തോറും ഓഫിസില്‍ എത്തേണ്ടതില്ല. ബസില്‍ പണം നല്കി കാര്‍ഡ് പുതുക്കാം. കാര്‍ഡിന്റെ തുക മാത്രമാണ് വിദ്യാർഥികളില്‍നിന്ന് വാങ്ങുക.