രണ്ടാഴ്ച മുമ്പ് പിതാവ് മരിച്ചു; രാവിലെ മുതൽ വീട് അടഞ്ഞ നിലയിൽ, രാത്രിയോടെ നാട്ടുകാർ പരിശോധിച്ചപ്പോൾ കണ്ടത് കൂട്ട ആത്മഹത്യാശ്രമം; ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം
text_fieldsചേലക്കര: രാവിലെ മുതൽ അടഞ്ഞുകിടന്ന വീട്ടിൽനിന്ന് രാത്രിയായിട്ടും ആരെയും പുറത്തുകാണാത്തതിനാൽ നാട്ടുകാർ എത്തി പരിശോധിച്ചപ്പോൾ കണ്ടത് ദാരുണമായ ആത്മഹത്യാശ്രമം. വിഷം കഴിച്ച് കുടുംബം കൂട്ട ആത്മഹത്യാശ്രമം നടത്തിയതിനെ തുടർന്ന് ആറുവയസ്സുകാരി മരിച്ചു.
ചേലക്കര മേപ്പാടം കോൽപുരത്ത് വീട്ടിൽ അണിമയാണ് മരിച്ചത്. അണിമയുടെ മാതാവ് ഷൈലജ (34), സഹോദരൻ അക്ഷയ് (നാല്) എന്നിവരെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൈലജയുടെ ഭർത്താവ് പ്രദീപ് രണ്ടാഴ്ച മുമ്പ് കാൻസർ ബാധിച്ച് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബം.
ഇന്നലെ രാവിലെ മുതൽ വീട് അടഞ്ഞുകിടക്കുകയായിരുന്നു. രാത്രിയായിട്ടും ആരെയും പുറത്തുകാണാത്തതിനാൽ നാട്ടുകാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൂവരെയും ഗുരുതരാവസ്ഥയിൽ കണ്ടത്. ഉടൻ നാട്ടുകാർ മൂന്നുപേരെയും ചേലക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ, അപ്പോഴേക്കും അണിമ മരിച്ചിരുന്നു. ചേലക്കര സി.ജി.ഇ.എം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് അണിമ.