ചെമ്പ്ര ഫണ്ട് വെട്ടിപ്പ്; വെട്ടിപ്പ് കണ്ടെത്തിയ ഉന്നത ഉദ്യോഗസ്ഥരെ തന്നെ പ്രതിയാക്കാൻ നീക്കം
text_fieldsകൽപറ്റ: ചെമ്പ്ര പീക്ക് ഇക്കോ ടൂറിസം കേന്ദ്രത്തിൽനിന്ന് ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയ സംഭവത്തിൽ നടക്കുന്ന അന്വേഷണം അട്ടിമറിക്കാൻ നീക്കം. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട ചിലരുടെയും കോഴിക്കോട്ടെ കോൺഗ്രസ് നേതാവിന്റെയും സമ്മർദത്തിന് വഴങ്ങി വനം വകുപ്പിലെ ചില ഉന്നതരുടെ ഒത്താശയോടെ അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നതായാണ് ആരോപണം. വെട്ടിപ്പ് കണ്ടെത്തിയ ഉന്നത ഉദ്യോഗസ്ഥരെ തന്നെ പ്രതിയാക്കാനുള്ള നീക്കമാണ് നടക്കുന്നത്. കോഴിക്കോട് വിജിലൻസ് ഫ്ലയിങ് സ്ക്വാഡും പൊലീസുമാണ് ചെമ്പ്ര വെട്ടിപ്പ് അന്വേഷിക്കുന്നത്.
കഴിഞ്ഞ വർഷം നടന്ന വെട്ടിപ്പ് അന്നത്തെ സൗത്ത് വയനാട് ഡി.എഫ്.ഒ, റേഞ്ച് ഓഫിസർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കണ്ടുപിടിച്ചത്. ചെമ്പ്ര പീക്ക് ട്രക്കിങ് ഫീസ് ഇനത്തിൽ 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ലഭിച്ച തുക ഏപ്രിൽ മാസം ആയിട്ടും സൗത്ത് വയനാട് ഡി.എഫ്.ഒയുടെ പ്രത്യേക അക്കൗണ്ടിൽ എത്താത്തതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് സാമ്പത്തിക തിരിമറി പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2021 ആഗസ്റ്റ് മുതൽ 2024 ഏപ്രിൽ വരെ കാലയളവിൽ 16,01,931 രൂപയുടെ കുറവ് കണ്ടെത്തി. തുടർന്ന് അന്നത്തെ വയനാട് ഡി.എഫ്.ഒ ഷജ്ന കരീമിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുകയും നഷ്ടപ്പെട്ട പണം തിരിച്ചടപ്പിക്കുകയും മൂന്ന് വനം ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
പിന്നീട് വനം വികസന ഏജൻസി (എഫ്.ഡി.എ)യുടെ അന്വേഷണ കമീഷനും അന്വേഷണം നടത്തി. ഇതിനുശേഷം കോഴിക്കോട് ഫ്ലയിങ് സ്ക്വാഡിന് അന്വേഷണം കൈമാറി. ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നുതവണ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് വനം വിജിലൻസ് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ തിരിച്ചയച്ചു.
ചെമ്പ്ര ഫണ്ട് വെട്ടിപ്പ് കണ്ടുപിടിച്ച ഉദ്യോഗസ്ഥരെ അടക്കം പ്രതിപ്പട്ടികയിൽ ചേർക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. 2008ൽ ആരംഭിച്ച വയനാട് ചെമ്പ്ര പീക്ക് ഇക്കോ ടൂറിസം കേന്ദ്രത്തിൽ മുൻ ഡി.എഫ്.ഒയുടെ നേതൃത്വത്തിലാണ് സ്ഥിരം വനം സംരക്ഷണ സമിതി രൂപവത്കരിക്കുന്നത്. ഇതേ ഡി.എഫ്.ഒയുടെ നേതൃത്വത്തിലാണ് ഫണ്ട് ഓഡിറ്റിന് വിധേയമാക്കാൻ നിർദേശിച്ചതും. എന്നാൽ, രജിസ്റ്റർ പരിശോധിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഡി.എഫ്.ഒ, റേഞ്ച് ഓഫിസർ അടക്കമുള്ളവരെ ഇപ്പോൾ പ്രതിപ്പട്ടികയിൽ ചേർക്കാൻ ശ്രമം നടത്തുന്നത്.
പ്രമാദമായ മുട്ടിൽ മരം മുറിക്കേസിൽ മരങ്ങൾ കണ്ടുകെട്ടിയതും കോടതിയിൽ വനം വകുപ്പിന്റെ ഭാഗത്തുനിന്നുള്ള മേൽനോട്ടം വഹിച്ചതുമെല്ലാം ഇതേ ഉദ്യോഗസ്ഥർ ആയിരുന്നു. ഇതിന്റെ പ്രതികാരമായാണ് ചെമ്പ്ര തട്ടിപ്പ് അന്വേഷണത്തിൽ ചില ഉന്നത ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ബാഹ്യ ഇടപെടലുകൾ നടത്തുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്.
കൂടാതെ കോഴിക്കോട്ടെ കോൺഗ്രസ് നേതാവ് അനധികൃതമായി കൈവശം വെച്ച ഇ.എഫ്.എൽ പരിധിയിലുള്ള മേപ്പാടി റേഞ്ചിൽ പെട്ട ഭൂമി തിരിച്ചുപിടിച്ചതും വയനാട്ടിലെ അന്നത്തെ ഉന്നത ഉദ്യോഗസ്ഥരായിരുന്നു. ഇതിലുള്ള പ്രതികാരവും സുഗന്ധഗിരി മരം മുറി കേസിലും ചെമ്പ്ര പീക്ക് ഫണ്ട് വെട്ടിപ്പ് കേസിലും ഉൾപ്പെടെ ഇവരെ പ്രതിചേർക്കാൻ വനം വകുപ്പിന്റെ ഉന്നത തലത്തിൽ ശക്തമായ സമ്മർദം ചെലുത്തുന്നതായാണ് ആരോപണം.
അതേസമയം, വയനാട്ടിൽ വനം മാഫിയക്കെതിരെ ശക്തമായ ഇടപെടൽ നടത്തുന്ന ഉന്നത ഉദ്യോഗസ്ഥരെ മനഃപൂർവം ബലിയാടാക്കാനുള്ള ശ്രമത്തിനെതിരെ അസോസിയേഷൻ ഓഫ് ഗെസറ്റഡ് ഫോറസ്റ്റ് ഓഫിസേഴ്സ് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും ഉൾപ്പെടെ പരാതി നൽകി.