അനുജന്റെ മർദനം ഭയന്ന് പ്രസന്നൻ വീട്ടിൽ വന്നിരുന്നത് ഏറെ വൈകി, എന്നിട്ടും കൊലപ്പെടുത്തി; പിന്നിൽ സ്വത്തുതർക്കം
text_fieldsകൊല്ലപ്പെട്ട പ്രസന്നൻ
ചെങ്ങന്നൂര്‍: സഹോദരന്‍ ആത്മഹത്യ ചെയ്‌തെന്ന് നാട്ടുകാരെയും പൊലീസിനെയും അറിയിച്ചതിന് പിന്നാലെ പൊലീസിന് തോന്നിയ സംശയം ചുരുളഴിച്ചത് കൊലപാതകത്തിലേക്ക്. ചെങ്ങന്നൂര്‍ തിട്ടമേല്‍ മാര്‍ത്തോമ അരമനക്കു സമീപം ചക്രപാണി ഉഴത്തില്‍ ശ്രീധരന്‍റെയും പരേതയായ കുഞ്ഞമ്മയുടെയും മകന്‍ പ്രസന്നൻ (47) മരിച്ച വിവരം പ്രതിയായ അനുജൻ പ്രസാദ് (45) തന്നെയാണ് നാട്ടുകാരെ അറിയിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്ഥിരമായി മർദിക്കുന്നതിനാല്‍ പ്രസാദിനെ ഭയന്ന് പ്രസന്നന്‍ രാത്രി വളരെ വൈകിയാണ് വീട്ടില്‍ എത്തിയിരുന്നത്. ശനിയാഴ്ചത്തെ വഴക്കിനെത്തുടര്‍ന്ന് പുറത്തുപോയ പ്രസന്നന്‍ പുലര്‍ച്ച രണ്ടോടെയാണ് വീട്ടിലെത്തിയത്. മദ്യലഹരിയില്‍ തറയില്‍ കിടന്നുറങ്ങി. ഈ സമയം അടുത്ത മുറിയിലുണ്ടായിരുന്ന പ്രസാദ് എത്തി കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ച മൂന്നോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. ഇവരുടെ മറ്റൊരു സഹോദരനെ ഒരുവര്‍ഷം മുമ്പ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഇതിലും അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പൊലീസിനുണ്ടായ സംശയമാണ് പ്രസന്നന്റെ മരണം കൊലപാതകമാണെന്ന് തെളിയിച്ചത്. കട്ടിലിന്റെ താഴെ തറയില്‍ കിടന്നിരുന്ന മൃതദേഹത്തിന്റെ കഴുത്തില്‍ കുരുക്കിയിരുന്ന കയര്‍ കട്ടിലില്‍ ബന്ധിച്ച നിലയിലായിരുന്നു. ഇത്തരത്തില്‍ ഒരാള്‍ക്ക് ആത്മഹത്യ ചെയ്യാന്‍ സാധിക്കില്ലെന്ന് വിലയിരുത്തിയ പൊലീസ് പ്രസാദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. ഇയാള്‍ കുറ്റം സമ്മതിച്ചതായും സ്വത്തുതർക്കമാണ് കാരണമെന്നും പൊലീസ് പറഞ്ഞു.
മദ്യലഹരിയില്‍ തറയില്‍ കിടന്നുറങ്ങിയ പ്രസന്നന്റെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തിയശേഷം കട്ടിലില്‍ ബന്ധിക്കുകയായിരുന്നെന്ന് പ്രതി സമ്മതിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രസാദിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ശനിയാഴ്ച ഉച്ചക്ക് ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ ഇരുവരും നിരന്തരം വഴക്കിട്ടിരുന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പ്രസന്നന്‍ അവിവാഹിതനാണ്.