കെ.സി വേണുഗോപാലിന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; പരസ്യസംവാദത്തിന് തയാറെന്ന് പ്രഖ്യാപനം
text_fieldsകോഴിക്കോട്: കേരളത്തിലെ എം.പിമാരുടെ പ്രകടനത്തിൽ സംവാദമാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് വേണ്ടിയുള്ള സ്ഥലവും സമയവും നിശ്ചയിക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ എം.പിമാരുടെ പ്രകടനത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയെ കെ.സി വേണുഗോപാൽ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. ഇതിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചപ്പോൾ എ.വൈ കാറ്റഗറി കാർഡുകൾ റദ്ദാക്കുമോയെന്ന ചോദ്യം പാർലമെന്റിൽ ഉന്നയിച്ച് കേരളത്തെ പ്രതിസന്ധിയിലാക്കാൻ യു.ഡി.എഫ് എം.പിമാർ ശ്രമിച്ചു. പാർലമെന്റിൽ കേരള വിരുദ്ധനിലപാടാണ് യു.ഡി.എഫ് എം.പിമാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വർണക്കൊള്ള കേസിലെ പ്രതികൾക്കെതിരായ പാർട്ടി നടപടി പറയേണ്ടത് താനല്ല. സ്വർണക്കൊള്ളയിൽ ഇ.ഡി അന്വേഷണത്തിന്റെ ആവശ്യമില്ല. നല്ല രീതിയിലാണ് സ്വർണക്കൊള്ളയിൽ അന്വേഷണം പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിലർ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ അവർക്കും ഹൈകോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജമാഅത്തെ ഇസ്‍ലാമിയുമായി താൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അവർ ആവശ്യപ്പെട്ടത് പ്രകാരമാണ് എ.കെ.ജി സെന്ററിൽ വെച്ച് അത്തരമൊരു കൂടിക്കാഴ്ച നടത്തിയത്. അന്ന് തന്നെ അവരുടെ നിലപാടുകളോടുള്ള എതിർപ്പ് താൻ പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ ജമാഅത്തെ ഇസ്‍ലാമിയുടെ വക്താക്കളായി വരുന്ന കോൺഗ്രസ് തന്നെ ഒരിക്കൽ അവരെ നിരോധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


