Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് പുനരധിവാസം:...

വയനാട് പുനരധിവാസം: പാട്ടഭൂമിക്ക് പൊന്നുംവില നൽകണമെന്ന് വാദിച്ചത് മുഖ്യമന്ത്രി

text_fields
bookmark_border
വയനാട് പുനരധിവാസം: പാട്ടഭൂമിക്ക് പൊന്നുംവില നൽകണമെന്ന് വാദിച്ചത് മുഖ്യമന്ത്രി
cancel

കോഴിക്കോട് : വയനാട്ടിലെ ടൗൺഷിപ്പിന് ഏറ്റെടുക്കുന്ന പാട്ടഭൂമിക്ക് പൊന്നും വില നൽകാൻ നിർദേശം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് രേഖകൾ. ദുരന്ത നിവാരണ വകുപ്പിൽനിന്ന് ലഭിച്ച, ഫെബ്രുവരി അഞ്ചിന് നടന്ന ഉന്നതതല യോഗത്തിലെ മിനിട്സിലാണ് ഇക്കാര്യം രേഖപ്പെടുത്തിയത്. വയനാട് ടൗൺഷിപ്പിന് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനാണ് യോഗം നടന്നത്. നിയമപരമായി പൊന്നും വില നൽകേണ്ടതില്ലെന്ന് മന്ത്രി കെ. രാജൻ ചൂണ്ടിക്കാണിച്ചിട്ടും അതിനെ നിരാകരിച്ചത് മുഖ്യമന്ത്രിയാണെന്ന് യോഗത്തിലെ മിനിട്സ്, വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി, മന്ത്രി പി.രാജീവ്, എ.ജി എന്നിവരടങ്ങിയ മൂവർ സംഘമാണ് ഭൂപരിഷ്കരണ നിയമം കാറ്റിൽപറത്തി എൽസ്റ്റണ് പൊന്നും വില നൽകാൻ തീരുമാനിച്ചത്. ഹൈകോടതി സിംഗിൾ ബഞ്ച് വിധിയുടെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനുള്ള നടപടി കൈക്കൊള്ളണമെന്നും നിർദേശിച്ചു. ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും പെറ്റീഷണർക്ക് (തോട്ടം കൈവശം വച്ചിരിക്കുന്നവർക്ക്) എന്തെങ്കിലും ഹാജരാക്കാൻ ഉണ്ടെങ്കിൽ അതുകൂടി പരിശോധിച്ച് തുടർ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വകുപ്പ് 26, 29 എന്നീ വ്യവസ്ഥകൾ പ്രകാരം നഷ്ടപരിഹാരം നിർണയിച്ച് നൽകാമെന്നും റവന്യൂ മന്ത്രി തലത്തിൽ ചർച്ചകൾ ആവശ്യമാണെങ്കിൽ ചർച്ചകൾ നടത്താമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.

ഈ യോഗത്തിൽ മന്ത്രി കെ. രാജൻ ആവർത്തിച്ച് വ്യക്തമാക്കിയത് 1963ലെ ഭൂപരിഷ്കണ നിയമപ്രകാരം എൽസ്റ്റന്റെ ഭൂമിക്ക് പൊന്നും വില നൽകാൻ കഴിയില്ലെന്നാണ്. കെ.രാജന്റെ വാക്കുകൾക്ക് പുല്ലുവിലയാണ് യോഗം കൽപിച്ചത്. സ്വാതന്ത്ര്യാനന്തരം വിദേശ കമ്പനികൾ ഉപേക്ഷിച്ചു പോയ ഭൂമി 1947നു ശേഷം അനധികൃതമായി കൈവശപ്പെടുത്തി ആധാരങ്ങൾ ചമച്ച് കൈവശം വെച്ചും കൈമാറിയും വരുന്നതാണ് ഈ ഭൂമിയെന്ന് രാജൻ വിശദീകരിച്ചു.

ഈ ഭൂമിയിൽ സർക്കാറിന്റെ ഉടമസ്ഥത (ടൈറ്റിൽ) സ്ഥാപിച്ചു കിട്ടാൻ 2018ലെ ഹൈകോടതി ഡിവിഷൻ ബഞ്ചിന്റെ 2014ലെ ഉത്തരവ് പ്രകാരം സിവിൽ കോടതികളിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. വയനാട്ടിലെ ഹാരിസൺസ്, എൽസ്റ്റൺ എന്നീ രണ്ട് എസ്റ്റേറ്റുകൾക്കുമെതിരെ സുൽത്താൻബത്തേരി സബ് കോടതിയിൽ വയനാട് കളക്ടർ കോസ് ഫയൽ ചെയ്തു. ഈ തോട്ട ഭൂമിയുടെ അവകാശവും ഉടമസ്ഥതയും സംസ്ഥാന സർക്കാരിൽ 1970 ജനുവരി ഒന്നിന് നിക്ഷിപ്തമായി.

ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് 112 (അഞ്ച്) (എ) യിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത് പ്രകാരം മാത്രമേ ഭൂമിക്ക് നഷ്ടപരിഹാരം നൽകാനാവൂ. നിയമത്തിലെ വകുപ്പ് 81 (ഒന്ന്) (ഇ) പ്രകാരം ഇളവ് നേടിയ ഭൂമിയാണിത്. ഇത്തരം ഭൂമി ഏറ്റെടുക്കുമ്പോൾ പരിധിയിൽ കവിഞ്ഞുള്ള ഭൂമിക്ക് പൊന്നുംവില നഷ്ടപരിഹാരം നൽകേണ്ടതില്ല. അർഹതപ്പെട്ടവർക്ക് അർഹമായ പരിഹാരം മാത്രം നൽകുക എന്നുള്ള സർക്കാരിന്റെ നിലപാടാണ്. അതിന്റെ അടിസ്ഥാനത്തിൽ 2024 ഡിസംബർ 27ലെ ഹൈകോടതിവിധി അനുസരിച്ചുള്ള നഷ്ടപരിഹാരം കണക്കാക്കുന്നതിനും വിതരണം ചെയ്യുന്നതിനും അതിനായുള്ള അധികാരകേന്ദ്രം എന്നിവയിലും വ്യക്തത വരുത്തണം എന്ന് റവന്യൂ മന്ത്രി യോഗത്തെ അറിയിച്ചു.

വയനാട് ജില്ലയിൽ തന്നെ മെഡിക്കൽ കോളജ്, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്, കാർബൺ ന്യൂട്രൽ കോഫി പാർക്ക് എന്നിവക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ പൊന്നും വില നൽകാനല്ല സർക്കാർ ഉത്തരവ് ഇറക്കിയതെന്നും കെ. രാജൻ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഗ്ലെൻലവൻ എസ്റ്റേറ്റ് അധികൃതർക്കതിരെ സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ എസ്.എൽ.പി (സ്പെഷൽ ലീവ് പെറ്റിഷൻ) ഫയൽ ചെയ്ത കാര്യവും കെ. രാജൻ മുഖ്യമന്ത്രിയെ ഓർമിപ്പിച്ചു.

എന്നാൽ, റവന്യൂ മന്ത്രിയുടെ അഭിപ്രായത്തെ മന്ത്രി പി. രാജീവ് നിഷ്കരുണം തള്ളി. ഇക്കാര്യത്തിൽ സർക്കാരിന്റെ മുൻ ഉത്തരവുകൾ ബാധകമാക്കേണ്ടതില്ലെന്നും ഭൂമി, കെട്ടിടങ്ങൾ, വൃക്ഷങ്ങൾ, മറ്റു ചമയങ്ങൾ എന്നിവക്കുള്ള നഷ്ടപരിഹാരം കണക്കാക്കി നൽകണമെന്നും പി.രാജീവ് അഭിപ്രായപ്പെട്ടു. ഭൂമിയിലുള്ള ചമയങ്ങൾക്ക് അടക്കം നഷ്ടപരിഹാരം നിർണയിച്ച് തുക അനുവദിക്കണം എന്ന് തന്നെയായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ നിലപാട്. ഭൂപരിഷ്കരണ നിയമത്തിൽ ഉറച്ചുനിന്ന് റവന്യൂ മന്ത്രി വാദിച്ചെങ്കിലും മുഖ്യമന്ത്രിയും പി. രാജീവും അഡ്വക്കറ്റ് ജനറൽ ഗോപാലകൃഷ്ണക്കുറുപ്പും ചേർന്ന് നിയമത്തെ അട്ടിമറിച്ചാണ് തീരുമാനമെടുത്തതെന്ന് രേഖകൾ വ്യക്താമാക്കുന്നു.

യോഗത്തിൽ മന്ത്രി എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കെ.എം. എബ്രഹാം, ഡോ. എ. ജയതിലക്, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ഡോ. ശർമിള മേരി ജോസഫ്, ലോ സെക്രട്ടറി കെ.ജി. സനൽകുമാർ, ലാൻഡ് റവന്യൂ കമീഷണർ ഡോ.എ. കൗശികൻ, ടി.വി. അനുപമ, ഷീബ ജോർജ് എന്നിവരും പങ്കെടുത്തിരുന്നു.

Show Full Article
TAGS:chief minister Revenue Minister K. Rajan Wayanad disaster Kerala News 
News Summary - Chief Minister "cuts" Minister K. Rajan
Next Story