കാക്കിക്കുള്ളിലെ തിരക്കഥാകൃത്തിന് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ
text_fieldsവിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ എറണാകുളം റൂറൽ ജില്ലയിൽനിന്ന് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയായി വിരമിച്ച വി.എസ്. നവാസ്
ആലുവ: കാക്കിക്കുള്ളിലെ തിരക്കഥാകൃത്തിന്, ജോലിയിൽനിന്ന് വിരമിച്ചശേഷം മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ. കുറച്ച് മാസങ്ങൾക്ക് മുമ്പ് റൂറൽ ജില്ലയിലെ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സ്ഥാനത്ത് നിന്ന് വിരമിച്ച വി.എസ്. നവാസാണ് മെഡലിന് അർഹനായത്.
23 വർഷത്തെ സേവനത്തിനുശേഷമാണ് അദ്ദേഹം പൊലീസ് സേനയിൽനിന്ന് വിരമിച്ചത്. മഹാരാജാസ് കോളജിലെ ഉപരിപഠനത്തിന് ശേഷം 1996ൽ ഫയർ ഫോഴ്സിലും 2001ൽ ഹോമിയോ വിഭാഗത്തിൽ ക്ലാർക്കായും ജോലി സ്വന്തമാക്കിയ നവാസ് 2003ലാണ് പൊലീസ് ജോലിയിൽ പ്രവേശിച്ചത്. തലശ്ശേരിയിൽ പ്രബേഷൻ എസ്.ഐ ആയിട്ടായിരുന്നു തുടക്കം. നിർണായകമായ ഔദ്യോഗിക ജീവിതമായിരുന്നു ശാസ്ത്രീയ കുറ്റാന്വേഷകൻ കൂടിയായ ഇദ്ദേഹത്തിന്‍റേത്. നിരവധി കേസുകളും ക്രമസമാധാന പ്രശ്നങ്ങളും എളുപ്പത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്. മികച്ച ഒരു സൈക്ലിങ് താരമായ നവാസ് സൈക്കിളിൽ സഞ്ചരിച്ച് കാശ്മീരിലെത്തിയിരുന്നു. ഔദ്യോഗിക ജീവിതത്തിനിടയിലും സാഹിത്യ പ്രവർത്തനങ്ങൾ തുടർന്നു.
വിരമിച്ച ശേഷം നവാസ് തന്‍റെ സ്വപ്നമായ സിനിമ മേഖലയിലേക്ക് തിരിയുകയായിരുന്നു. സർവിസിലിരിക്കെ പൂർത്തിയാക്കിയ രണ്ട് തിരക്കഥകളുമായാണ് സിനിമ ലോകത്തേക്ക് നവാസ് ചേക്കേറിയത്. കാലടി സി.ഐ ആയിരിക്കെ അന്വേഷിച്ച് തെളിയിച്ച കേസാണ് "കസ്റ്റഡി" എന്ന തിരക്കഥ. വർത്തമാനകാല ജീവിതത്തിന്‍റെ നേർക്ക് വിരൽ ചൂണ്ടുന്ന തിരക്കഥയാണ് "ഗ്രാമസ്വരാജ് ". രണ്ടും ഉടനെ സിനിമയാകും. ഇതിനകം നിരവധി സിനിമകളിലും സീരിയലിലും വേഷം ഇട്ടിട്ടുണ്ട്. മികച്ച പ്രാസംഗികൻ കൂടിയാണ് നവാസ്.