Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right12കാരന്റെ മുറിവിൽ...

12കാരന്റെ മുറിവിൽ മുളകുപൊടി വിതറി, നഖത്തിൽ മരക്കഷണം കുത്തിക്കയറ്റി; ബന്ധുവായ ഒന്നാംപ്രതി കീഴടങ്ങി

text_fields
bookmark_border
12കാരന്റെ മുറിവിൽ മുളകുപൊടി വിതറി, നഖത്തിൽ മരക്കഷണം കുത്തിക്കയറ്റി; ബന്ധുവായ ഒന്നാംപ്രതി കീഴടങ്ങി
cancel

കൊടുവള്ളി: മോഷണശ്രമം ആരോപിച്ച് 12കാരനായ വിദ്യാർഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഒന്നാം പ്രതി പൊലീസിൽ കീഴടങ്ങി. കിഴക്കോത്ത് ആവിലോറ താഴെ ഡാപ്പൊയിൽ അബ്ദുൽ റസാഖാണ് ചൊവ്വാഴ്ച രാവിലെ 11ഓടെ കൊടുവള്ളി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. റസാഖിനെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സംഭവത്തിൽ റസാഖിന്റെ ഭാര്യ സീനത്ത്, മകൻ ഉവൈസ് എന്നിവരെയും പിടികൂടാനുണ്ട്. ഇതിൽ ഉവൈസ് വിദേശത്തേക്ക് കടന്നതായി വ്യക്തമായിട്ടുണ്ട്. ഇയാളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണെന്ന് കൊടുവള്ളി പൊലീസ് എസ്.എച്ച്.ഒ ശരത് കുമാർ പറഞ്ഞു. പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയതിനിടെയാണ് റസാഖ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കേസിലെ മറ്റു പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

ആഗസ്റ്റ് ആറിനാണ് കേസിനാസ്പദമായ സംഭവം. ആവിലോറ സ്വദേശിയായ 12കാരനെ മോഷണശ്രമം ആരോപിച്ചാണ് പിതാവിന്റെ ബന്ധുക്കൾ ചേർന്ന് ആക്രമിച്ചതെന്നാണ് പരാതി. വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ ചോദ്യം ചെയ്യുകയും തുടർന്ന് ക്രൂരമായി മർദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കുട്ടിയെ മുറിയിൽ പൂട്ടിയിട്ടശേഷം കൈകാലുകൾ കെട്ടിയിട്ട് മർദിക്കുകയും കണ്ണിൽ മുളകുവെള്ളം ഒഴിക്കുകയും മുറിവുകളിൽ മുളകുപൊടി വിതറുകയും ചെയ്തതായും പരാതിയിലുണ്ട്. കാൽവിരലുകളുടെ നഖത്തിനിടയിൽ മരക്കഷണങ്ങൾ കുത്തിക്കയറ്റിയതായും പരാതിയിൽ ആരോപണമുണ്ട്.

സംഭവത്തെ തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലും ബാലക്ഷേമ സമിതിയുടെ ഇടപെടലിലുമാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ പൊലീസ് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിക്കുകയും പ്രതികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ മൊഴിയുൾപ്പെടെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Show Full Article
TAGS:child torture Crime News Accused Surrender Kerala News 
News Summary - Child torture case: prime accused surrenders
Next Story