പഠനം ഉപേക്ഷിച്ച് തൊഴിൽ തേടി ബാല്യങ്ങൾ; ഗോത്രവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തുടർക്കഥ
text_fieldsപൊഴുതന: പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് വർഷംതോറും നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കുമ്പോഴും പൊതു വിദ്യാലയങ്ങളിൽനിന്ന് ഇവരുടെ കൊഴിഞ്ഞുപോക്ക് ഇരട്ടിയായി.
ജില്ലയിൽ അടക്ക, കാപ്പി വിളകളുടെ സീസൺ ആരംഭിച്ചതോടെ പഠനം ഉപേക്ഷിച്ചു ജോലിയും വരുമാനവും തേടുകയാണ് ആദിവാസി കുട്ടികൾ. സ്വന്തമായും ബന്ധുക്കളുടെ കൂടെയും സ്വകാര്യ തോട്ടങ്ങളിൽ ജോലിക്ക് പോകുന്ന കുട്ടികൾ വരുമാനത്തിൽ ആകൃഷ്ടരാവുകയാണ്.
ജില്ലയിൽ ബാലവേല നിർമാർജന പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുമ്പോഴും കുട്ടികൾ തൊഴിലിടങ്ങളിൽ എത്തുന്നത് തടയാൻ സാധിക്കുന്നില്ല. പഠനം പാതിവഴിയിൽ നിർത്തുന്ന കുട്ടികളിൽ ഭൂരിഭാഗവും പണിയ, കാട്ടുനായ്ക്ക വിഭാഗക്കാരാണ്.
ജില്ലയിൽ പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ, വായനാംകുന്ന്, ഊരംകുന്ന് കോളനികളിലും മേപ്പാടി പഞ്ചായത്തിലെ ചെമ്പോത്തറ, തരിയോട് പഞ്ചായത്തിലെ ശാന്തിനഗർ, മഞ്ഞളാംകോട്, കൽപറ്റ നഗരസഭയിലെ മൈലാടി, നാരങ്ങക്കണ്ടി കോളനികളിലും കൊഴിഞ്ഞുപോക്കിൽ ഇത്തവണ വർധനയുണ്ട്. പതിറ്റാണ്ടിനിടെ ജില്ലയിലെ സ്കൂളുകളില്‍നിന്ന് പതിനായിരത്തോളം പേരാണ് പഠനം ഉപേക്ഷിച്ചത്.
ആറു മുതൽ 16 വയസ്സുവരെയുള്ള കുട്ടികളാണ് ഭൂരിഭാഗവും. ഭാഷ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, രക്ഷിതാക്കളുടെ അജ്ഞത, ലഹരി ഉപയോഗം എന്നിവയാണ് കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് വഴിവെക്കുന്നത്.
ആദിവാസി കുട്ടികള്‍ സ്കൂളില്‍ ഹാജരാകുന്നില്ലെങ്കിലും അഡ്മിഷന് രജിസ്റ്ററുകളില്‍നിന്ന് പേര് നീക്കം ചെയ്യരുതെന്ന നിർദേശമുള്ളതിനാല്‍ ക്ലാസിൽ വരാതെ മാസങ്ങളായാലും സ്കൂൾ പട്ടികയില്‍ പേര് നിലനിൽക്കുന്നു.
വാർഷിക പരീക്ഷകൾക്ക് മാസങ്ങൾ ബാക്കിനിൽക്കെ ഉയര്‍ന്ന ക്ലാസുകളില്‍നിന്നാണ് കൂടുതല്‍ കൊഴിഞ്ഞുപോക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികളെ സ്കൂളുകളിലെത്തിക്കാന്‍ ഗോത്രസാരഥി പദ്ധതിയും പ്രഭാത ഭക്ഷണവും വര്‍ഷത്തിലും മാസംതോറും നല്‍കിവരുന്ന സ്റ്റൈപൻഡുകളും നിലനില്‍ക്കെയാണ് ഈ കൊഴിഞ്ഞുപോക്ക്.
ഇതിനു പുറമെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കേഴ്സിനെയും നിയോഗിച്ചിട്ടുണ്ട്.
അതേസമയം, സ്റ്റൈപൻഡും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന് പഠനം പ്രതിസന്ധിയിലായ വിദ്യാർഥികളും നിരവധിയാണ്.