നൊമ്പരക്കാഴ്ചയായി കുഞ്ഞു വിനോദിനി
text_fieldsവീട്ടിലെത്തിയ വിനോദിനി ചിത്രം വരക്കുന്നു
ചിറ്റൂർ: ഒന്നര മാസത്തെ ചികിത്സക്കുശേഷം, വലതുകൈ നഷ്ടപ്പെട്ട സങ്കടവുമായി വിനോദിനി വീട്ടിലെത്തി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പതു വയസ്സുകാരിയാണ് ചൊവ്വാഴ്ച വൈകീട്ട് ആശുപത്രി വിട്ട് വീട്ടിലെത്തിയത്.
ജില്ല ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയെതുടർന്ന് കൈ നഷ്ടപ്പെട്ട കുരുന്നിന്റെ വേദന നാടിനും സങ്കടമായി. സഹോദരനൊപ്പം ഓടിക്കളിക്കുന്നതിനിടെയാണ് മുറ്റത്ത് വീഴുകയും കൈക്ക് ഗുരുതരപരിക്കേൽക്കുകയും ചെയ്തത്. പല്ലശ്ശനയിൽ അമ്മയുടെ വീട്ടിൽനിന്ന് പഠിക്കുകയായിരുന്ന വിനോദിനി അവധിയായതിനാലാണ് അച്ഛനും അമ്മയും താമസിക്കുന്ന വടകരപ്പതി ശൊരപ്പാറയിലെ വീട്ടിലെത്തിയത്.
എല്ല് പൊട്ടിയതിനെത്തുടർന്ന് പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയ വിനോദിനിയുടെ വലതുകൈ പിന്നീട് പഴുപ്പ് കയറിയതിന് തുടർന്നാണ് മുറിച്ചുമാറ്റേണ്ടി വന്നത്. രണ്ടാഴ്ചക്കുശേഷം പരിശോധനക്ക് എത്തണമെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
മുറിവ് പൂർണമായും ഉണങ്ങിയശേഷം കൃത്രിമക്കൈ ഘടിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാമെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് പിതാവ് വിനോദ് പറഞ്ഞു. ഒരു സ്വകാര്യ ആശുപത്രി സൗജന്യമായി കൃത്രിമക്കൈ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ചികിത്സക്കായി കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് രണ്ടു ലക്ഷം രൂപ അനുവദിച്ചിരുന്നു.


