50 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷി, 20 ലക്ഷം രൂപ വില; ഹരിപ്പാട് നിന്നും ചൈനീസ് നിർമിത നിരോധിത ഡ്രോൺ പിടികൂടി
text_fieldsപിടികൂടിയ ഡ്രോൺ
ഹരിപ്പാട്: പള്ളിപ്പാട് വഴുതാനം പാടശേഖരത്തിൽ പറത്തിയ ചൈനീസ് നിരോധിത ഡ്രോൺ പൊലീസ് പിടികൂടി. സാധാരണ ഡ്രോണുകളിൽ നിന്ന് വ്യത്യസ്തമായി 50 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ള വമ്പൻ ചൈനീസ് നിർമിത ഡ്രോണാണ് പിടികൂടിയത്. വിപണിയിൽ ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന ഈ ഡ്രോൺ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹരിപ്പാട് പൊലീസ് നടത്തിയ തിരച്ചിലിലാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ഡ്രോൺ കോട്ടയം സ്വദേശിയുടേതാണെന്നാണ് സൂചന.
നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള ഡ്രോൺ, തുടർ അന്വേഷണങ്ങൾക്കായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി. 1962ലെ കസ്റ്റംസ് നിയമപ്രകാരം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് നിരോധനമുള്ള വിഭാഗത്തിലാണ് ഈ ഡ്രോൺ ഉൾപ്പെടുന്നത്. ഡ്രോണുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനും ഉപയോഗിക്കുന്നതിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA) പ്രത്യേക അനുമതി അനിവാര്യമാണ്. എന്നാൽ പിടികൂടിയ ഈ ഡ്രോണിന് ഇത്തരത്തിലുള്ള യാതൊരുവിധ ഔദ്യോഗിക രേഖകളോ അനുമതി പത്രങ്ങളോ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി.
പള്ളിപ്പാട്ടെ വഴുതാനം പാടശേഖരത്തിൽ മരുന്ന് തളി നടത്തുമ്പോഴാണ് ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി ഡ്രോൺ പിടികൂടുന്നത്. കൃഷി ആവശ്യത്തിനാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഏത് സാഹചര്യത്തിലാണ് ഇത് ഉപയോഗിക്കാൻ ലക്ഷ്യമിട്ടതെന്ന് കണ്ടെത്താൻ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വലിയ ഭാരം വഹിക്കാൻ ശേഷിയുള്ള ഡ്രോൺ ആയതിനാൽ തന്നെ ഇതിന്റെ പിന്നിലുള്ള ലക്ഷ്യങ്ങളെ അതീവ ഗൗരവത്തോടെയാണ് ഉദ്യോഗസ്ഥർ നോക്കികാണുന്നത്.


