ചിറയിൻകീഴ് പൗരാവലിയുടെ പ്രേംനസീർ പുരസ്‌കാരം ഷീലക്ക്
text_fieldsഷീല
ചിറയിൻകീഴ്: ചിറയിൻകീഴ് പൗരാവലിയുടെ ഈ വർഷത്തെ (2025) പ്രേംനസീർ പുരസ്കാരം സിനിമാതാരം ഷീലക്ക്. ഫെബ്രുവരി 18ന് പുരസ്കാരം നൽകുമെന്ന് പ്രേംനസീർ അനുസ്മരണ കമ്മിറ്റി ചെയർമാൻ ആർ.സുഭാഷ്, ജനറൽ കൺവീനർ അഡ്വ.എസ്.വി. അനിലാൽ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുൽ വാഹിദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രേംനസീറുമായി 130-ൽ അധികം സിനികളിൽ നായികയായി അഭിനയിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടുകയും വിവിധ ഭാഷകളിലായി 500-ൽപരം സിനിമകളിൽ അഭിനയിക്കുകയും ചെയ്ത ഷീല സിനിമാലോകത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്.
1,00,001 രൂപയുടെ ക്യാഷ് അവാർഡും ആർട്ടിസ്റ്റ് ബി.ഡി.ദത്തൻ രൂപകല്‌പന ചെയ്ത ശില്പവും പ്രശസ്‌തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. ചിറയിൻകീഴ് ഗ്രാമപഞ്ചായത്താണ് പുരസ്‌കാരം സംഭാവന ചെയ്യുന്നത്.
ഫെബ്രുവരി 18 ചൊവ്വാഴ്‌ച വൈകുന്നേരം ആറ് മണിക്ക് ശാർക്കര മൈതാനിയിൽ ചേരുന്ന സ്‌മൃതി സായാഹ്നം ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. മന്ത്രിമാർ, ജനപ്രതിനിധികൾ, ജനനേതാക്കൾ, കലാ സാംസ്കാരിക നായകന്മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.