രാത്രി സുഹൃത്തിനൊപ്പം പോകുന്നത് ചിത്രപ്രിയ അല്ലെന്ന്, പൊലീസ് പുറത്തുവിട്ട ദൃശ്യത്തിനെതിരെ ബന്ധു
text_fieldsകൊച്ചി: മലയാറ്റൂരില്‍ 19കാരി വിദ്യാർഥി ചിത്രപ്രിയയുടെ കൊലപാതകത്തിൽ പൊലീസിന്‍റെ കണ്ടെത്തലിൽ സംശയം പ്രകടിപ്പിച്ച് ബന്ധുവിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. പൊലീസ് പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ലന്ന് ബന്ധു ശരത് പറയുന്നു. പൊലീസ് പറഞ്ഞ പല കാര്യങ്ങളും തെറ്റാണെന്നും ബന്ധു പറയുന്നു. പള്ളിയുടെ മുമ്പിൽ രണ്ട് ബൈക്കിലെത്തുന്ന ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ലെന്നാണ് ബന്ധു ഇൻസ്റ്റഗ്രാം വീഡിയോയിൽ പറയുന്നത്.
അതേസമയം, കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. ആലുവ റൂറൽ എസ്.പി എം. ഹേമലതയാണ് ഇക്കാര്യം പറഞ്ഞത്. ചിത്രപ്രിയയുടെ ഫോൺ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. അറസ്റ്റിലായ ആൺസുഹൃത്ത് അലനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്‍റെ മകളും ബംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിനിയുമായ ചിത്രപ്രിയയാണ് കൊല്ലപ്പെട്ടത്. അമ്പലത്തിലെ ഉത്സവത്തിനായാണ് ചിത്രപ്രിയ ബംഗളൂരുവിൽനിന്ന് മലയാറ്റൂലെത്തിയത്. എന്നാൽ, ശനിയാഴ്ച വൈകിട്ട് കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ല. അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മകളെ കാണാതായതോടെ വീട്ടുകാര്‍ കാലടി പൊലീസിന് പരാതി നൽകി. കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ ചിത്രപ്രിയയുടെ ആൺ സുഹൃത്ത് അലനെയും വിളിപ്പിച്ചു മൊഴി എടുത്തിരുന്നു. അതിനുശേഷം വിട്ടയിച്ചു.
അതിനിടെയാണ് ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ മലയാറ്റൂര്‍ നക്ഷത്ര തടാകത്തിനരികില്‍ ഒഴിഞ്ഞ പറമ്പില്‍ ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തുന്നത്. ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മാതാവ് ജോലിചെയ്യുന്ന കാറ്ററിങ് യൂനിറ്റിലെ സഹപ്രവര്‍ത്തകരുടെ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടത്. തലക്ക് ആഴത്തിൽ അടിയേറ്റതാണ് മരണകാരണമെന്ന് ആദ്യമേ തന്നെ വ്യക്തമായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.
ചിത്രപ്രിയയും ആണ്‍സുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂർ ജങ്ഷൻ വഴി ബൈക്കിൽ പോകുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചതോടെയാണ് നേരത്തെ മൊഴിയെടുത്ത് വിട്ടയച്ച ചിത്രപ്രിയയുടെ ആണ്‍ സുഹൃത്ത് അലനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പെൺകുട്ടിക്ക് മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയത്തിൽ അലൻ കല്ലുകൊണ്ട് തലക്ക് അടിച്ചു കൊല്ലുകയായിരുന്നു.
തലയില്‍ ഒന്നിലേറെ ഭാഗത്ത് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ആന്തരിക രക്തശ്രാവവും മരണ കാരണത്തിന് ഇടയാക്കിയെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി. കാലടി ടൗണില്‍ ചെറിയ ജോലികള്‍ ചെയ്യുന്ന വ്യക്തിയാണ് 21കാരനായ അലന്‍. സി.സി.ടി.വിയിൽ മറ്റ് രണ്ട് യുവാക്കളെകൂടി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും അവർക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.


