ശശി തരൂരിനെ ചേർത്തുപിടിച്ച് ക്രൈസ്തവ സഭകൾ; കെ.പി.സി.സി പ്രസിഡന്റിനൊപ്പം വേദി നൽകി പാലാ രൂപത
text_fieldsകോട്ടയം: നിലപാടിലെ വ്യതിയാനത്തെ ചൊല്ലി കോൺഗ്രസ് അകലം പാലിക്കുന്നതിനിടെ ശശി തരൂർ എം.പിക്ക് വേദിയൊരുക്കിയും അദ്ദേഹത്തെ പുകഴ്ത്തിയും ക്രൈസ്തവ സഭകൾ. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനൊപ്പം വേദിയും നൽകി. കത്തോലിക്ക സഭയുടെ പാലാ രൂപതയും സി.എസ്.ഐ സഭയുമാണ് പരിപാടികൾ ഒരുക്കിയത്.
എല്ലാവരും ഏതെങ്കിലും സ്ഥാനം നൽകാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് തരൂരെന്നായിരുന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ചടങ്ങിലെ പ്രതികരണം. കേരളത്തിന്റെ കോസ്മോ പോളിറ്റൻ ആണ് ശശി തരൂർ എന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടും പുകഴ്ത്തി. വിവാദങ്ങൾ നിലനിൽക്കെ ഏറെ കാലത്തിന് ശേഷം കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും തരൂരും ഒരുമിച്ച് വേദി പങ്കിടാനും പരിപാടി കാരണമായി. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി സമാപന വേദിയിലായിരുന്നു ഈ കൂടിക്കാഴ്ച.
അടുത്തടുത്ത് ഇരിപ്പിടം കിട്ടിയ സണ്ണി ജോസഫിനോട് തരൂർ പരിപാടികളെക്കുറിച്ച് വാചാലനാകുന്നതും കാണാമായിരുന്നു. പ്രഭാഷണങ്ങൾക്കിടെ സണ്ണി ജോസഫും തരൂരിനോട് സംസാരിക്കുന്നുണ്ടായിരുന്നു. നരേന്ദ്ര മോദി സ്തുതിയുടെയും ബി.ജെ.പിയോടുള്ള നിലപാടിന്റെയും പേരിൽ കോൺഗ്രസ് അടുത്തകാലത്ത് തരൂരിനെ അകറ്റി നിർത്തിയിരിക്കുകയായിരുന്നു. തരൂർ പാർട്ടി വിടുന്നെങ്കിൽ വിടട്ടേയെന്ന് കോൺഗ്രസും തന്നെ പുറത്താക്കുന്നെങ്കിൽ പുറത്താക്കട്ടെയെന്ന നിലപാടിൽ തരൂരും തുടരുകയാണ്.
തരൂരിന് രണ്ടുദിവസമായി നാലു വേദികളാണ് സഭകൾ ഒരുക്കിയത്. കഴിഞ്ഞ ദിവസം സി.എസ്.ഐ സഭയുടെ വാർഷികാചരണത്തിൽ പങ്കെടുത്ത തരൂർ, സഭക്ക് കീഴിലുള്ള സി.എം.എസ് കോളജിൽ വിദ്യാർഥികളുമായുള്ള മുഖാമുഖം പരിപാടിയിലും പങ്കെടുത്തു. പിറ്റേദിവസമാണ് പാലാ രൂപത വി.ഐ.പി പരിഗണനയിൽ ശനിയാഴ്ച വേദി നൽകിയത്. പരിപാടിയിൽ പങ്കെടുത്ത സണ്ണി ജോസഫ് ഉൾപ്പെടെ രാഷ്ട്രീയ നേതാക്കൾക്ക് സംസാരിക്കാൻ മൂന്നു മിനിറ്റ് വീതം അനുവദിച്ചപ്പോൾ തരൂർ പത്ത് മിനിറ്റിലേറെ പ്രസംഗിച്ചു. ഉത്തരേന്ത്യയിൽ ക്രൈസ്തവർക്കെതിരെ തുടരുന്ന അറസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്റെ പ്രസംഗം. ക്രൈസ്തവ സഭകൾ കേരളത്തിന് നൽകുന്ന സംഭാവനകളെയും വിസ്മരിച്ചില്ല.
ഡി.സി.സികൾ ഉൾപ്പെടെ അകലം പാലിക്കവെ സഭകൾ തരൂരിന് വേദി നൽകിയത് രാഷ്ട്രീയചർച്ചക്ക് വഴിതുറന്നിരിക്കുകയാണ്. കോൺഗ്രസിനുള്ളിലെ ഒരു ഗ്രൂപ്പ് തരൂരിന് ഇപ്പോഴും രഹസ്യപിന്തുണ നൽകുന്നുണ്ടന്നതും മറ്റൊരു സത്യം. ക്രൈസ്തവ സഭകൾ നടത്തിയ ഈ പരിപാടികളിലൂടെ കോൺഗ്രസും തരൂരുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകുമോയെന്നാണ് ഇനി കാണേണ്ടത്.