വിശ്വാസികൾ ചെവിക്കൊണ്ടില്ല; ക്രൈസ്തവ വോട്ടുകൾ ചിതറി
text_fieldsകൊച്ചി: ക്രൈസ്തവ സഭ നേതൃത്വങ്ങളുടെ യു.ഡി.എഫ് അനുകൂല നിലപാട് ഏതാണ്ട് ഫലം കണ്ടപ്പോൾ തന്നെ അവരുടെ സംഘ്പരിവാർ വിരുദ്ധ നിലപാടിൽ വിശ്വാസികൾ വെള്ളം ചേർത്തു. തൃശൂരിലെ ബി.ജെ.പി ജയം സംഘ്പരിവാർ താൽപര്യങ്ങളിലേക്ക് സമുദായ അംഗങ്ങളും മറിഞ്ഞതിന് മുഖ്യ തെളിവായി. ക്രൈസ്തവ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ സഭാനേതൃത്വത്തിലെ ആരുടെയെങ്കിലും സഹായം ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിക്ക് ലഭിച്ചതായും സംശയിക്കുന്നു.
തിരുവനന്തപുരത്തെ ബി.ജെ.പിയുടെ മിന്നും പ്രകടനത്തിനു പിന്നിലും ഒരു വിഭാഗം വിശ്വാസികൾ ബി.ജെ.പിയുമായി അടുത്തതിന്റെ ഫലമാണെന്നാണ് വിലയിരുത്തൽ. ഈ രണ്ട് മണ്ഡലങ്ങളിലേക്കും സഭാനേതാക്കളിൽനിന്ന് ബി.ജെ.പി സഹായം തേടിയിരുന്നു. മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യം നിരാകരിക്കുന്ന പൊതു നിലപാടാണ് കത്തോലിക്ക സഭയടക്കം സ്വീകരിച്ചത്. എന്നാൽ, ആ പ്രഖ്യാപിത നിലപാട് തള്ളിയാണ് പലയിടത്തും വിശ്വാസികളുടെ വോട്ട് വീണത്. ഭരണഘടനാസ്വാതന്ത്ര്യത്തെക്കുറിച്ച് ചർച്ച നടത്തി പരോക്ഷ ബി.ജെ.പി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചിരുന്നു കത്തോലിക്ക സഭ.
മതരാഷ്ട്ര സ്ഥാപനം അധോഗതിയുണ്ടാക്കുമെന്ന പ്രചാരണവും ബി.ജെ.പിയെ ഉന്നമിട്ട് നടന്നു. ഈ രീതിയിലെല്ലാം, സംഘ്പരിവാർ മനോഭാവത്തിലേക്ക് വഴുതുന്ന വിശ്വാസികളെ പിന്തിരിപ്പിക്കാൻ സഭ പരമാവധി ശ്രമിച്ചിരുന്നു. അതേസമയം, എറണാകുളം, ഇടുക്കി, കോട്ടയം, ചാലക്കുടി, പത്തനംതിട്ട, വയനാട്, കണ്ണൂർ അടക്കം മണ്ഡലങ്ങളിൽ യു.ഡി.എഫിന് സഭാവോട്ടുകൾ നേട്ടമായെന്നും കരുതുന്നു.