‘ഏറ്റവും കൂടുതൽ ഭൂമിയുള്ളത് ക്രൈസ്തവർക്ക്’; ഓർഗനൈസറിലെ ലേഖനത്തിൽ പൊളളി ബി.ജെ.പി, ഉരുണ്ട് കളിച്ച് നേതാക്കൾ
text_fieldsതിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ ഭൂമിയുള്ളത് ക്രൈസ്തവർക്കാണെന്ന് സ്ഥാപിച്ചുകൊണ്ടുള്ള ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിലെ ലേഖനം ബി.ജെ.പിക്ക് തലവേദനയാകുന്നു.
വഖഫ് ബിൽ പാസാക്കുന്നതിലൂടെ മുനമ്പം പ്രശ്നത്തിന് പരിഹാരമായെന്ന പ്രചാരണവുമായി ബി.ജെ.പി മുന്നോട്ട് പോകുന്നതിനിടെയാണ് ഓർഗനൈസറിൽ ഏറ്റവും കൂടുതൽ ഭൂമിയുള്ളത് ക്രൈസ്തവർക്കാണെന്ന് പറഞ്ഞ് കൊണ്ട് ലേഖനം വരുന്നത്. ഇത്, വിവാദമായതോടെ ലേഖനം പിൻവലിച്ച് തടിതപ്പാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇതിനകം തന്നെ ലേഖനം പലരുടെയും കൈകളിൽ എത്തിക്കഴിഞ്ഞിരുന്നു. ലേഖനം പിൻവലിക്കുന്നതിലൂടെ ബി.ജെ.പിയും ആർ.എസ്.എസും പ്രതീക്ഷിച്ച ഗുണം ഉണ്ടായില്ല. ഓർഗനൈസറിലെ ലേഖനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് വഖഫ് ബില്ലിന് പിന്നാലെ ചർച്ച് ബില്ലാണെന്ന വിമർശനം പ്രതിപക്ഷ കക്ഷികൾ ശക്തമാക്കിയിരിക്കുകയാണ്. ഈ വിഷയത്തിൽ ആർ.എസ്.എസ് മുഖപത്രയായ ഓർഗനൈസറിന് തെറ്റുപറ്റിയെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറയുന്നത്. ആ ലേഖനം എടുത്ത്, ഉപയോഗിക്കാൻ കോൺഗ്രസും ഇടതുപക്ഷവും ശ്രമിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇതിനിടെ, ഓർഗനൈസറിൽ അങ്ങനെയൊരു ലേഖനം വന്നിട്ടില്ലെന്നാണ് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുന്ദ്രേന്റെ വാദം. 2012ലെ ലേഖനമാണിതെന്നാണ് സുരേന്ദ്രൻ ചിരിയോടെ പറഞ്ഞുവെക്കുന്നത്. എന്നാൽ, 2012ലെ ലേഖനമാണെങ്കിൽ എങ്ങനെയാണ് 2021ലെ സർക്കാർ കണക്കുകൾ ലേഖനത്തിൽ വരികയെന്നാണ് ചോദ്യത്തിന് ബി.ജെ.പിക്ക് മറുപടിയില്ല.