പൗരത്വ കുരുക്ക്: 14 വർഷം ജയിലിൽ കിടന്ന പാനൂർ സ്വദേശി യൂസഫിന് ബംഗാളിൽ അന്ത്യനിദ്ര
text_fieldsപാനൂർ: പൗരത്വ കുരുക്കില്‍ പെട്ട് 14 വർഷമായി ജയിലിൽ കഴിയുകയായിരുന്ന പാനൂര്‍ എലങ്കോട് വൈദ്യർ പീടികക്ക് സമീപത്തെ പൊങ്ങനോളി യൂസഫിന് (76) ബംഗാളിലെ ബാഗമതി ഖബർസ്ഥാനിൽ അന്ത്യനിദ്ര. ഒരുനാള്‍ പിറന്ന മണ്ണിലെത്തുമെന്ന യൂസഫിന്റെ പ്രതീക്ഷയാണ് ഇതോടെ ഇല്ലാതായത്. ഒന്നരമാസം മുമ്പ് പശ്ചിമ ബംഗാളിലെ നോർത്ത് പർഗാനാസ് ജയലിൽ മരണപ്പെട്ട യൂസഫിന്റെ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ചയാണ് ഖബറടക്കം നടത്തിയത്.
പാനൂര്‍ എലങ്കോട്ട് തലമുറകളുടെ പിന്തുടര്‍ച്ചയുള്ള തറവാട്ടില്‍ ജനിച്ച അക്കാലത്തെ ലഭ്യമായ എല്ലാ രേഖകളിലും പേരുള്ള സ്വന്തമായി ഭൂസ്വത്തുള്ള യൂസഫ് മരിക്കുന്നത് പൗരത്വമില്ലാതെയാണ്. പാകിസ്താനിലെ കറാച്ചിയില്‍ വ്യാപാരത്തിന് പോയി പതിറ്റാണ്ടുകള്‍ക്ക് ശേഷം അതെല്ലാം ഉപേക്ഷിച്ച് തിരികെ വരാനുള്ള ശ്രമത്തിനിടെയാണ് യൂസഫ് അനധികൃത കുടിയേറ്റക്കാരനായി മാറിയത്. പശ്ചിമ ബംഗാള്‍-ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബന്‍ഗോണില്‍നിന്ന് 2012 ജനുവരി 16നാണ് യൂസഫ് അറസ്റ്റിലായത്. ബംഗ്ലാദേശ് അതിര്‍ത്തിവഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് അമ്പതോളം പേര്‍ക്കൊപ്പം യൂസഫിനെയും പിടികൂടിയത്.
പാകിസ്താന്‍ പൗരന്മാരെന്ന് സ്ഥിരീകരിച്ച എല്ലാവരെയും നടപടിക്രമങ്ങള്‍ക്ക് ശേഷം തിരികെ പാകിസ്താനിലേക്ക് നാടുകടത്തി. യൂസഫുള്‍പ്പെടെ മൂന്നുപേരെ 2012 ഏപ്രില്‍ 4ന് 650 ദിവസത്തെ വെറും തടവിനും 2000 രൂപ പിഴയടക്കാനും 24-പര്‍ഗാന (നോര്‍ത്ത്) എ.സി.ജെ.എം കോടതി ശിക്ഷിച്ചു. താന്‍ ഇന്ത്യക്കാരനാണെന്നും ജനിച്ചത് കേരളത്തിലെ പാനൂരിലാണെന്നും ഭാര്യയും മകനും മറ്റു ബന്ധുക്കളും അവിടെ സ്ഥിരതാമസമാണെന്നും കോടതിയില്‍ യൂസഫ് പറഞ്ഞെങ്കിലും പൗരത്വം സ്വയം തെളിയിക്കണമെന്ന വാദമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചത്. ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും യൂസഫിന് ബന്ധുക്കളെ ബന്ധപ്പെടാനോ രേഖകള്‍ ശേഖരിക്കാനോ അധികൃതര്‍ അനുവദിച്ചതുമില്ല.
സഹ തടവുകാരെ പാക് പൗരത്വം സംബന്ധിച്ച രേഖകളുടെ പരിശോധനയെ തുടര്‍ന്ന് പാകിസ്താനിലേക്ക് കയറ്റിവിട്ടു. അതേസമയം, യൂസഫ് പാക് പൗരനല്ലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അധികം വൈകാതെ യൂസഫ് കൊല്‍ക്കത്ത ജയിലിലാണെന്ന വിവരം മകന്‍ നൗഫലിന് ലഭിച്ചു. തുടര്‍ന്ന് പിതാവിന്റെ മോചനത്തിനായി നൗഫല്‍ കൊല്‍ക്കത്ത ഹൈകോടതിയെ സമീപിക്കുകയും ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കണമെന്ന ഉത്തരവിനെ തുടര്‍ന്ന് നൗഫല്‍ പിതാവിന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, വിവാഹ രേഖകള്‍, സ്വത്ത് രജിസ്റ്റര്‍ ചെയ്ത ആധാരം, ബന്ധുക്കളുടെ പട്ടിക തുടങ്ങിയയെല്ലാം കൊല്‍ക്കത്ത ഹൈകോടതിയില്‍ ഹാജരാക്കി. എന്നാല്‍, വകുപ്പുതല അന്വേഷണം എന്ന കടമ്പയിലാണ് യൂസഫിന്റെ മോചനം വഴിമുട്ടിയത്. ഭാര്യ: പരേതയായ സഫിയ.


