ആലപ്പുഴയിലെ ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ മഞ്ചേരിയിലെ പത്താം ക്ലാസ് വിദ്യാർഥിനി വീടുവിട്ടിറങ്ങി
text_fieldsമഞ്ചേരി: ആൺസുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ അതിവേഗം കണ്ടെത്തി പൊലീസിന്‍റെ കൃത്യമായ ഇടപെടൽ. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിയായ 19കാരനെ കാണാനാണ് മഞ്ചേരി സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനി വീടുവിട്ടിറങ്ങിയത്. മഞ്ചേരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറുടെ അവസരോചിത ഇടപെടലിൽ കുട്ടിയെ മണിക്കൂറുകൾക്കകം കണ്ടെത്തി കുടുംബത്തെ ഏൽപിച്ചു.
മഞ്ചേരി എസ്.എച്ച്.ഒ ഡോ. നന്ദഗോപന്റെ നിർദേശപ്രകാരം സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി. നിഷാദിന്റെ ഇടപെടലാണ് നിർണായകമായത്. കഴിഞ്ഞദിവസം ഉച്ചക്കാണ് സംഭവം. വിദ്യാർഥിനിയുടെ കൈയിൽ സംശയാസ്പദമായ രീതിയിൽ കണ്ട മൊബൈൽ ഫോൺ സഹോദരൻ പിടിച്ചുവാങ്ങി വഴക്കു പറഞ്ഞിരുന്നു. ഇതോടെ താൻ പരാതി നൽകാൻ സ്റ്റേഷനിൽ പോവുകയാണെന്നറിയിച്ച് പെൺകുട്ടി വീട്ടിൽനിന്നിറങ്ങി. പിന്നാലെ വീട്ടുകാരും മഞ്ചേരി സ്റ്റേഷനിലെത്തി. വിദ്യാർഥിനി സ്റ്റേഷനിലെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് കാണാതായ വിവരമറിയുന്നത്.
ഇൻസ്റ്റഗ്രാം വഴി ആലപ്പുഴ സ്വദേശിയുമായി പെൺകുട്ടിക്ക് പരിചയമുള്ളതറിഞ്ഞ പൊലീസ് ഇയാളുടെ നമ്പർ പെൺകുട്ടി ഉപയോഗിച്ചിരുന്ന ഫോണിൽനിന്ന് കണ്ടെത്തി യുവാവിനെ വിളിച്ചു. സിവിൽ പൊലീസ് ഓഫിസർ നിഷാദ് വിഷയത്തിന്‍റെ ഗൗരവവും നിയമവശവുമെല്ലാം ബോധ്യപ്പെടുത്തിയതോടെ, പെൺകുട്ടിയെ കൊണ്ടുപോകാൻ താൻ തിരൂരിലേക്ക് വരുകയാണെന്നും ഒരുമിച്ചുജീവിക്കാൻ പോകുകയാണെന്നും തടസ്സം നിൽക്കരുതെന്നും യുവാവ് പറഞ്ഞു.
ഇതിനിടെ വിദ്യാർഥിനി ഒരു ഫോണിൽനിന്ന് യുവാവിന്റെ നമ്പറിലേക്ക് വിളിച്ചതായി പൊലീസ് കണ്ടെത്തി. ഈ നമ്പറിലേക്ക് വിളിച്ചപ്പോൾ കുറ്റിപ്പുറത്തേക്ക് ബസിൽ യാത്ര ചെയ്യുന്ന ഒരു സ്ത്രീയുടേതാണെന്ന് മനസ്സിലായി. തിരൂർ ബസ് സ്റ്റാൻഡിൽ താൻ ബസ് കാത്തുനിന്നപ്പോൾ സഹോദരനെ വിളിക്കണമെന്നു പറഞ്ഞ് ഒരു പെൺകുട്ടി ഫോൺ വാങ്ങിയിരുന്നതായി അവർ പറഞ്ഞു. ഇതോടെ നിഷാദ് തിരൂർ എസ്.ഐയെ വിവരങ്ങൾ അറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോൾ ബസ് സ്റ്റാൻഡിൽ വിദ്യാർഥിനിയെ കണ്ടെത്തി. മഞ്ചേരി പൊലീസെത്തി ഏറ്റെടുത്ത് രക്ഷിതാക്കൾക്കൊപ്പം വിട്ടു. കൗൺസലിങ്ങിനുള്ള സൗകര്യങ്ങളും പൊലീസ് ചെയ്തു. തിരൂരിലെത്തിയ ആൺസുഹൃത്ത് വിദ്യാർഥിനിയെ കാണാനില്ലെന്നു പറഞ്ഞ് പൊലീസിനെ വിളിച്ചതോടെ സംഭവത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്തി മടക്കിയയച്ചു.