ചുണ്ടന്റെ ആവേശം, ക്ലബുകളുടെ ഭാരം; വള്ളംകളിക്ക് പിന്നിലെ ചെലവിന്റെ കഥ
text_fieldsകോട്ടയം പള്ളം കരിമ്പുംകാലാക്കടവിൽ നാട്ടകം ബോട്ട് ക്ലബ് ചെറുതന ചുണ്ടനിൽ പരിശീലനം നടത്തുന്നു (ഫോട്ടോ - മനു ബാബു)
ആലപ്പുഴ: ഓരോ വള്ളംകളി സീസണിലും ക്ലബുകളും കരക്കാരും ചെലവഴിക്കുന്നത് കോടികളാണ്. നെഹ്റുട്രോഫി വള്ളംകളിക്കായി പ്രമുഖ ക്ലബുകളടക്കം ചെലവഴിക്കുന്നത് 80 ലക്ഷം മുതൽ 1.25 കോടി വരെയാണ്. അത്തരത്തിൽ വലിയ തുക മുടക്കിയാണ് 10ലധികം ക്ലബുകൾ പുന്നമടയിൽ പോരിനെത്തുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഇക്കുറി മത്സരത്തിന് വീറുംവാശിയും കൂടിയതോടെ മികച്ച തുഴച്ചിലുകാർക്കുവേണ്ടിയായിരുന്നു നെട്ടോട്ടം. നെഹ്റു ട്രോഫിയിൽ മുത്തമിട്ട ക്ലബുകളെപ്പോലും കൂടെകൂട്ടിയവരും ഇടക്കൂട്ടത്തിലുണ്ട്.
കൊച്ചുവള്ളങ്ങളിൽ തുഴഞ്ഞുനടക്കുന്ന കാലം മുതൽ കുട്ടനാട്ടുകാരന്റെ ഉള്ളിൽ ചുണ്ടനോട് ഒരു കൊതി പിറക്കും. ആ കൊതി തീർക്കാനാണ് കരക്കാർ പിരിവെടുത്ത് ചുണ്ടൻവള്ളം വാങ്ങുന്നതിലേക്ക് എത്തിക്കുന്നത്. പിരിവിട്ടും പിരിച്ചെടുത്തുമൊക്കെയാണ് ചുണ്ടൻവള്ളങ്ങൾ സ്വന്തമാക്കുന്നത്. കൈയിലുള്ളത് നുള്ളിപ്പെറുക്കിയും കടം വാങ്ങിച്ചും വള്ളംകളിക്ക് കരക്കാരെ തന്നെ ഇറക്കിയും മത്സരത്തിന് എത്തുന്ന രീതി പൂർണമായും മാറി. ഓരോ സീസണിന് മുമ്പ് വള്ളത്തിന്റെ അറ്റകുറ്റപ്പണികൾക്കായി വലിത തുകളാണ് ചെലവഴിക്കുന്നത്. കേട് തീർക്കുന്നതും മോടി കൂട്ടുന്നതുമെല്ലാം ഇതിൽപ്പെടും.
ക്ലബുകളും ടീമുകളും വള്ളം വാടകക്ക് എടുക്കുന്ന പതിവുണ്ട്. അതിനും ലക്ഷങ്ങളാണ് ചെലവ്. ഒരു മത്സരത്തിനും അതുമായി ബന്ധപ്പെട്ട പരിശീലനത്തിനുമാണ് ഈ വാടക. ഇതിനോട് കിടപിടിക്കാനാകാതെ നിന്നുപോയ ക്ലബുകൾ പലതും മത്സരരംഗം വിട്ടുപോയി. നെഹ്റുട്രോഫി വള്ളം കളിയുടെ സമ്മാനത്തുകയിൽ മികച്ച വർധന വരുത്തിയതിന്റെ ആഹ്ലാദത്തിലാണ് ബോട്ട് ക്ലബുകളും ആരാധകരും.
ഒരു വള്ളംകളിക്ക് ഒരു ചുണ്ടനെ മത്സരത്തിന് പ്രാപ്തമാക്കാൻ കോടികളാണ് ചെലവാകുന്നത്. പുത്തൻചുണ്ടൻവള്ളം പണിയാൻ അത്രയും തുകവേണ്ടന്നതാണ് സത്യം. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും പരിശീലനത്തുഴച്ചിലിനും മറ്റുമായി മികച്ച ബോട്ട് ക്ലബ് ചെലവഴിക്കുന്ന തുക ഒരു കോടിയിലേറെ വരും. ചുണ്ടൻ വള്ളസമിതി ആ വർഷം വള്ളത്തിൽ തുഴയാൻ എത്തുന്ന ബോട്ട് ക്ലബിന് 50-70 ലക്ഷം രൂപ നൽകാറുണ്ട്. ബാക്കി തുക ബോട്ട് ക്ലബ് സ്വന്തമായി കണ്ടെത്തണം. ചിട്ടയോടെ ഉള്ള പരിശീലനവും ഭക്ഷണക്രമവുമൊക്കെയാണ് ക്ലബുകളുടെ ചെലവ് കൂട്ടുന്നത്.
എല്ലാത്തിനും ‘പണം’ വേണം
കുട്ടനാട്ടിലെ ഒരുചുണ്ടൻ വള്ളം നെഹ്റുട്രോഫി മത്സരത്തിൽ പങ്കെടുക്കാൻ പരിശീലനത്തുഴച്ചിന് പ്രമുഖ ബോട്ട് ക്ലബുകൾക്ക് വേണ്ടിവരുന്ന തുക തുഴ മുതൽ ഭക്ഷണംവരെയുള്ള ചെലവുകളാണ് ഏറെയും. പരിശീലനത്തിന് ഉൾപ്പെടെ 150 തുഴയെങ്കിലും ക്ലബുകൾക്കുവേണ്ടി വരും. തുഴച്ചിലുകാർക്ക് കഴിഞ്ഞ വർഷത്തേക്കാൾ തുക കൂട്ടിയിട്ടുണ്ട്.
ദിവസവും 110 തുഴച്ചിൽക്കാർക്ക് ക്യാമ്പിലെ ഭക്ഷണത്തിന് മാത്രം 50,000 രൂപയോളം വേണ്ടിവരും. ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണം വിഭവസമൃദ്ധവുമാവണം. മത്സരത്തിന് തുഴയുന്നവർക്കു പുറമേ കരുതലായി ചേർക്കുന്നവരും ഉൾപ്പെടെ 125 പേരെങ്കിലും കാണും. ചുണ്ടൻ വള്ളത്തിൽ തുഴച്ചിൽ താരങ്ങൾക്ക് നൽകുന്ന ശമ്പളം പ്രതിദിനം 1500 രൂപ മുതൽ 2000 രൂപ വരെയാണ്.
കായികക്ഷമത ഉറപ്പാക്കാൻ പരിശീലകർക്ക് പുറമേ ടീം ഫിസിയോ സംവിധാനവുമുണ്ടാകും. തുഴ, പങ്കായം എന്നിവയുടെ നിർമാണം, അറ്റകുറ്റപ്പണി, പരിശീലനത്തിനുള്ള ട്രയൽ ചുണ്ടൻ, വള്ളംകളി ദിവസം ചുണ്ടനെയും തുഴക്കാരെയും കൊണ്ടുപോകുന്നതിനുള്ള ബോട്ട് ചെലവും വഹിക്കണം.
(തുടരും)


