സി.എം.എസ് കോളജ് സംഘർഷം: എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തിയ ഡിവൈ.എസ്.പിക്ക് സ്ഥലംമാറ്റം
text_fieldsകോട്ടയം സി.എം.എസ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷം
കോട്ടയം: സി.എം.എസ് കോളജ് വിദ്യാർഥി യൂണിയൻ സംഘർഷത്തിനിടെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തിയ ഡിവൈ.എസ്.പിക്ക് സ്ഥലംമാറ്റം. കോട്ടയം ഡിവൈ.എസ്.പി കെ.ജി. അനീഷിനെ പത്തനംതിട്ട ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്.
ആഗസ്റ്റ് 21നാണ് വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ടായിരുന്നു സി.എം.എസ് കോളജിൽ കെ.എസ്.യു - എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. മണിക്കൂറുകളോളം വിദ്യാർഥികൾ ഏറ്റുമുട്ടി. പലകുറി പൊലീസ് ലാത്തിവീശിയെങ്കിലും പിരിഞ്ഞുപോകാൻ അക്രമാസക്തരായ വിദ്യാർഥികൾ തയാറായില്ല. പൊലീസിന് നേരെയും ആക്രമണമുണ്ടായി. രാത്രി വൈകിയും കോളജിൽ സംഘർഷാവസ്ഥ തുടർന്നു. ഇരുവശങ്ങളിലായി വിദ്യാർഥികൾ സംഘം ചേർന്ന് ആക്രമണം അഴിച്ചുവിട്ടു.
ക്ലാസ് പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് സംഘർഷത്തിന് തുടക്കം. ജയിച്ച ക്ലാസ് പ്രതിനിധികളാണു പ്രധാന ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടത്. തോൽവി ഭയന്ന എസ്.എഫ്.ഐ അക്രമം അഴിച്ചുവിടുകയായിരുന്നെന്നാണ് കെ.എസ്.യു ആരോപിച്ചത്. ക്ലാസ് പ്രതിനിധി സീറ്റുകളിൽ 71 എണ്ണം കെ.എസ്.യു നേടിയെന്നും വിറളിപൂണ്ട എസ്.എഫ്.ഐ നിയന്ത്രണത്തിലുള്ള യൂനിയൻ ഭരണം കൈവിടുമെന്ന പരിഭ്രാന്തിയിൽ അക്രമം അഴിച്ചുവിടുകയായിരുന്നെന്നും കെ.എസ്.യു പ്രവർത്തകർ പറഞ്ഞത്.
തെരഞ്ഞെടുപ്പ് നടപടി പുരോഗമിക്കുമ്പോൾ എസ്.എഫ്.ഐ പ്രവർത്തകർ കൂട്ടമായി കോളജിന്റെ പല ഭാഗങ്ങളിലായി ക്ലാസ്മുറികളുടെ ജനാലകളും കതകുകളും അടിച്ചു തകർത്തതായും ആരോപണം ഉയർന്നു. തുടർന്ന് കെ.എസ്.യു-എസ്.എഫ്.ഐ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. സംഘർഷം ശക്തമായതിനെ തുടർന്ന് കൂടുതൽ പൊലീസെത്തി വിദ്യാർഥികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇരു ഭാഗങ്ങളിലായി അണിനിരന്ന വിദ്യാർഥി സംഘങ്ങൾ പരസ്പരം പോർവിളിയും നടത്തി.
സന്ധ്യയോടെ പുറത്ത് നിന്നെത്തിയ കെ.എസ്.യു പ്രവർത്തകരുടെ ഒരു സംഘം ഗേറ്റിന് മുന്നിൽനിന്നു കോളജിലേക്ക് കല്ലെറിഞ്ഞു. കോളജിന് പുറത്തുണ്ടായിരുന്ന എസ്.എഫ്.ഐ പ്രവർത്തകരിൽ ചിലർ ഹെൽമറ്റ് ഉൾപ്പെടെ ഉപയോഗിച്ച് അവരെ നേരിട്ടു. ഈ സമയം കോളജിന്റെ പല കോണുകളിലും വിദ്യാർഥികൾ ഏറ്റുമുട്ടുകയായിരുന്നു. രാത്രിയോടെ ജില്ല പൊലീസ് മേധാവി ഷാഹുൽ ഹമീദ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി രഘുനാഥ് തുടങ്ങിയവർ സ്ഥലത്തെത്തി സംസാരിച്ചെങ്കിലും സംഘർഷാവസ്ഥക്ക് അയവുവന്നിരുന്നില്ല.
പൊലീസിന്റെ കർശനമായ ഇടപെടലിനെ തുടർന്ന് രാത്രി പത്തരയോടെയാണ് സംഘർഷം അവസാനിച്ചത്. വിദ്യാർഥികൾക്ക് പുറമെ പുറത്തുനിന്നും ഇരുകൂട്ടരുടെയും നൂറുകണക്കിന് ആളുകൾ കൂടി എത്തിയതോടെ കൂടുതൽ കയ്യാങ്കളിയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ ഫലം പ്രഖ്യാപനം പിറ്റേദിവസം കോളജ് വെബ്സൈറ്റിലൂടെയാണ് അധികൃതർ നടത്തിയത്.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 15ൽ 14 സീറ്റിലും കെ.എസ്.യു സ്ഥാനാർഥികളാണ് വിജയിച്ചത്. ഒരു സീറ്റിൽ മാത്രമാണ് എസ്.എഫ്.ഐക്ക് ലഭിച്ചത്. 28 വർഷങ്ങൾക്ക് ശേഷമായിരുന്നു കെ.എസ്.യു യുണിയൻ പിടിച്ചത്.