Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ പരാമർശം വേദനിപ്പിച്ചു, മാപ്പ് പറയണം - വിഴിഞ്ഞത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മകൾ

text_fields
bookmark_border
മുഖ്യമന്ത്രിയുടെ പരാമർശം വേദനിപ്പിച്ചു, മാപ്പ് പറയണം - വിഴിഞ്ഞത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മകൾ
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാമർശം വേദനിപ്പിച്ചതായും മാപ്പ് പറയണമെന്നും വിഴിഞ്ഞത്ത് കാണാതായ ജോൺ മത്യാസിന്റെ മകൾ ജിജി ജോൺ. അപകടം നടന്നാൽ ഉടൻതന്നെ ചെയ്യേണ്ട രക്ഷാപ്രവർത്തനം എട്ടു ദിവസം കഴിഞ്ഞിട്ടാണോ നട​ത്തേണ്ടതെന്നും അവർ ചോദിച്ചു. അതിനി​ടെ, ജോൺ മത്യാസിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. തിരച്ചിൽ വൈകിയതിലും മന്ത്രി വരാത്തതിലും കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് ഇപ്പോൾ തിരച്ചിൽ പുരോഗമിക്കുന്നത്.

‘ഒരു അപകടം നടന്ന് എട്ടു ദിവസം കഴിഞ്ഞിട്ടാണോ ഇത്രയും കാര്യക്ഷമമായിട്ട് പ്രവർത്തനങ്ങൾ ചെയ്യേണ്ടത്. അപകടം നടന്നാൽ ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തണം. അത് ഇവിടെ നടന്നിട്ടില്ല എന്നത് അവർ തന്നെ സമ്മതിക്കുന്നുണ്ട്. ആറു മണിക്കൂറോളം എൻജിനിൽ പിടിച്ച് രക്ഷപ്പെട്ടവർ ആ സമയമത്രയും വെള്ളത്തിലായിരുന്നു. എന്തുമാത്രം പ്രാധാന്യമാണ് നമ്മൾ മത്സ്യത്തൊഴിലാളികൾക്ക് കൊടുക്കുന്നത് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഈ കമ്മ്യൂണിറ്റിയെ മൊത്തം അവഗണിക്കുന്ന തരത്തിലാണ് അവരോട് പെരുമാറുന്നത്.

സ്ഥലം സന്ദർശിക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ ‘കഴിഞ്ഞ തവണ പോയപ്പോൾ അവസ്ഥ അറിയാമല്ലോ’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഈ

പ്രതികരണം വേദനിപ്പിച്ചു. ഒരു കമ്മ്യൂണിറ്റിയെ മുഴുവൻ ആക്ഷേപിക്കുന്ന തരത്തിലാണ് ആ സംസാരം. പണ്ട് പോയപ്പോഴുള്ള അവസ്ഥ അറിയാമല്ലോ എന്നാണ് പറയുന്നത്. എന്തറിയാം? വോട്ട് വാങ്ങാൻ വരുമ്പോൾ അറിയാവുന്ന കാര്യങ്ങൾ തന്നെയാണ് സാർ ഇവിടെ ഒരു അപകടം വരുമ്പോഴും ഉള്ളത്. ഈ ഒരു സമൂഹത്തെ ആക്ഷേപിച്ചതിന്റെ പേരിൽ അദ്ദേഹം മാപ്പ് പറയുക തന്നെ വേണം. എന്റെ പപ്പയ്ക്ക് വേണ്ടി മാത്രമല്ല, ഞങ്ങളുടെ സമൂഹത്തിന് കൂടി വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്’ -ജിജി ജോൺ പറഞ്ഞു.

കഴിഞ്ഞ എട്ട് ദിവസമായി പിതാവിനെ നഷ്ടപ്പെട്ടതിലുള്ള വേദന കടിച്ചമർത്തിയാണ് കുടുംബം കഴിയുന്നത്. ജോൺ അടക്കം അഞ്ച് മത്സ്യത്തൊഴിലാളികൾ ജൂലൈ 31നാണ് വിഴിഞ്ഞത്തുനിന്ന് പോയത്. അന്നുതന്നെ ബോട്ട് പൂർണമായും തലകീഴായി മറിഞ്ഞു. ഇവരിൽ നാലുപേർ ബോട്ടിൽ എങ്ങനെയൊക്കെയോ പിടിച്ചുനിന്ന് ആറുമണിക്കൂറിന് ശേഷം മറ്റൊരു വള്ളം വന്നപ്പോൾ രക്ഷപ്പെട്ടു. പക്ഷേ ജോണിനെ ഏഴു ദിവസമായിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആദ്യഘട്ടത്തിൽ തിരച്ചിൽ വൈകിയതായി കുടുംബവും മത്സ്യത്തൊഴിലാളികളും ആരോപിച്ചിരുന്നു. നിലവിൽ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലും നേവിയുടെ ഹെലികോപ്റ്ററും തെരച്ചിൽ നടത്തുന്നുണ്ട്. ഇന്ന് രാവിലെ ധീര എന്ന ബോട്ടിൽ മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും കൂടി ചേർന്ന് സംയുക്ത തിരച്ചിലിന് പോയിട്ടുണ്ട്.

തുടക്കത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇടപെടൽ ഉണ്ടായില്ല. മന്ത്രി വിളിക്കുകയോ ഫിഷനറീസ് മന്ത്രി വരികയോ ചെയ്തില്ല. തീരപ്രദേശത്ത് പോകുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയോട് വാർത്താസമ്മേളനത്തിൽ ചോദിച്ചപ്പോഴാണ് ‘കഴിഞ്ഞ തവണ പോയപ്പോഴുള്ള അവസ്ഥ അറിയാമല്ലോ’ എന്ന് മറുപടി പറഞ്ഞത്. ഇത് മത്സ്യത്തൊഴിലാളികളിൽ വലിയ തോതിൽ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്.

സമുദായത്തെ തന്നെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവന ആയിപ്പോയി ഇതെന്ന് ജിജി പറഞ്ഞു. വോട്ട് ചോദിക്കാൻ തീരപ്രദേശത്തേക്ക് എല്ലാവരും വരാറുണ്ട്. അപ്പോഴില്ലാത്ത എന്ത് അവസ്ഥയാണ് ഈ ഘട്ടത്തിൽ വരുമ്പോൾ ഉണ്ടാവാറുള്ളത് എന്ന് അവർ ചോദിച്ചു. അതുകൊണ്ട് തന്നെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് അവർ ആവശ്യപ്പെടുന്നു.

Show Full Article
TAGS:vizhinjam man missing VD Satheesan 
News Summary - 'CM's remarks hurt us, he should apologise' - Daughter of fisherman missing at Vizhinjam sea
Next Story