കേൾവി ശക്തി കുറഞ്ഞു; ഹിയറിങ് എയ്ഡിനായി ഭിന്നശേഷി പരിശോധന ക്യാമ്പിൽ എത്തിയയാളുടെ ചെവിയിൽനിന്ന് കണ്ടെത്തിയത് പാറ്റയെ
text_fieldsയുവാവിൻ്റെ ചെവിയിൽ നിന്ന് കണ്ടെത്തിയ പാറ്റ
ചൂർണിക്കര: കേൾവി ശക്തി കുറഞ്ഞതിനാൽ ഹിയറിങ് എയ്ഡിനായി ഭിന്നശേഷി പരിശോധന ക്യാമ്പിൽ എത്തിയയാളുടെ ചെവിയിൽ നിന്ന് കണ്ടെത്തിയത് പാറ്റയെ. കുറച്ചു നാളായി കേൾവിക്കുറവ് അനുഭവപ്പെടുന്നുവെന്നും ഹിയറിങ് എയ്ഡ് വേണമെന്നും ഇതിനായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് ക്യാമ്പിൽ എത്തിയത്. എന്നാൽ പരിശോധനക്കിടയിൽ ചെവിയിൽ നിന്നും ചെറിയ പാറ്റയെ കണ്ടെത്തുകയായിരുന്നു.
ചൂർണിക്കര ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകുന്നതിന്റെ ഭാഗമായി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പിലാണ് കൗതുകകരമായ കാഴ്ച്ചയുണ്ടായത്.
കുറച്ചു നാളായി ചെവിയുടെ കേൾവി ശക്തി കുറഞ്ഞിട്ടെന്ന് യുവാവ് പറയുന്നു. ആശുപത്രിയിൽ പോയപ്പോൾ ചെവിയിൽ ഒഴിക്കാൻ മരുന്ന് ലഭിച്ചു. എന്നാൽ മരുന്ന് ഉപയോഗിച്ചിട്ടും വലിയ മാറ്റം ഉണ്ടായില്ല. പഞ്ചായത്തിന്റെ മെഡിക്കൽ ക്യാമ്പിനെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്നാണ് യുവാവ് ക്യാമ്പിൽ എത്തിയത്. ചെവിയിൽ നിന്നും പാറ്റയെ എടുത്തതോടെ കേൾവിക്കുറവ് പൂർണമായി മാറിയതായും യുവാവ് പറഞ്ഞു.
വ്യാഴാഴ്ച്ച പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് ക്യാമ്പ് നടത്തിയത്. ശ്രവണ സഹായി, വിവിധ തരത്തിലുള്ള വീൽചെയർ, വാക്കർ, ആർട്ടിഫിഷ്യൽ ലിംഫ്, എം.ആർ കുട്ടികൾക്ക് പ്രയോജനപ്രദമായ എം.ആർ കിറ്റ്, തെറാപ്പി ഉപകരണങ്ങൾ തുടങ്ങി ഭിന്ന ശേഷിക്കാരുടെ ദൈനംദിന ജീവിതം സുഗമമാക്കുന്നതിന് സഹായകമായ ഉപകരണങ്ങൾ ആവശ്യമുള്ള 40ഓളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.
ആലുവ ജില്ല ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. രാജേഷ് (ഓർത്തോ ), ഡോ. പ്രിയദർശിനി (ഇ.എൻ.റ്റി), ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.ഇ. നസീമ, വികലാംഗ കോർപ്പറേഷൻ പ്രതിനിധികൾ, കെൽട്രോൺ പ്രതിനിധികൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ഭിന്നശേഷി സഹായ ഉപകരണ മെഡിക്കൽ ക്യാമ്പ് ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ രാജേഷ് പുത്തനങ്ങാടി, പി.വി. വിനീഷ്, കെ.കെ. ശിവാനന്ദൻ, സബിത സുബൈർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.ഇ. നസീമ, വികസന സമിതി അംഗങ്ങളായ ഇ.എം. ഷെരീഫ്, മനു മൈക്കിൾ, അങ്കണവാടി ടീച്ചർമാരായ ഷീബ രവി, എ.ബി. സുധ, ടി.എസ്. അനിത, റൺബി ജോസഫ് എന്നിവർ സംസാരിച്ചു.