'കരിക്കേ...നിനക്കിത്ര ഡിമാന്റോ..'!; ഇങ്ങനെ പോയാൽ തേങ്ങക്ക് ഇനിയും വില കൂടും
text_fieldsകോട്ടയം: കരിക്കിന് കൂടുതൽ ആവശ്യക്കാർ എത്തുന്നതോടെ സംസ്ഥാനത്ത് നാളികേരവില ഇനിയും കുതിക്കാൻ സാധ്യത. മഴ മാറി ചൂടുകൂടിത്തുടങ്ങിയതും ശബരിമല തീർഥാടനകാലത്തേക്ക് നീങ്ങുന്നതും കരിക്കിന്‍റെ ഡിമാന്‍റ് വർധിപ്പിക്കും.
നിലവിൽ നാളികേരത്തിന്‍റെ വില കിലോക്ക് 80 രൂപക്ക് മുകളിലാണ്. ആനുപാതികമായി വെളിച്ചെണ്ണ ഉൾപ്പെടെ ഉൽപന്നങ്ങളുടെ വിലയും കുതിച്ചുയർന്നു. ഹോട്ടൽ മേഖലയിൽ ഭക്ഷണപദാർഥങ്ങളുടെ ഉൾപ്പെടെ വിലവർധനയിലേക്ക് നീണ്ടു. നിലവിൽ കരിക്കിന്‍റെ ആവശ്യകത വർധിച്ച സാഹചര്യത്തിൽ തേങ്ങക്ക് ദൗർലഭ്യമുണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ ഇനിയും വില വർധിക്കാനാണ് സാധ്യതയെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തേക്ക് അതിർത്തി സംസ്ഥാനങ്ങളിൽനിന്ന് കൂടുതലായി കരിക്ക് എത്തുന്നുമുണ്ട്. അതിനിടെ സംസ്ഥാനത്തെ ഒറ്റപ്പെട്ട ചിലയിടങ്ങളിൽ തെങ്ങുകളിൽ മണ്ഡരി വ്യാപകമായതും തിരിച്ചടിയായുണ്ട്. ഇത് കേരകർഷകരെ ആശങ്കയിലാഴ്ത്തുന്നതിനിടെയാണ് കരിക്കിന് പ്രിയമേറുന്നതും.
തമിഴ്നാട്ടിലെ തേനി, കമ്പ൦, ഉത്തമപാളയ൦, ആണ്ടിപ്പെട്ടി തുടങ്ങിയ പ്രദേശങ്ങളിൽ മുൻകാലങ്ങളിൽ 25 രൂപയിൽ താഴെയുണ്ടായിരുന്ന കരിക്കിന്‍റെ വില അമ്പത് രൂപക്ക് മുകളിലേക്ക് ഉയർന്നതായി ചൂണ്ടിക്കാട്ടുന്നു. ഈ പ്രദേശങ്ങളിൽനിന്നാണ് കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകളിലേക്ക് കരിക്ക് എത്തുന്നത്. വെള്ളക്ക വന്ന് അഞ്ചുമാസമായാൽ കരിക്കായി വിൽപന നടത്താനാകു൦. എന്നാൽ, തേങ്ങ പൂർണവളർച്ചയെത്താൻ പതിനൊന്നുമാസമെങ്കിലും വേണം. ഈ സമയത്തിനുള്ളിൽ രണ്ട് കരിക്ക് വിളവെടുക്കാനാകും. അതാണ് കർഷകരെ കരിക്കിന്‍റെ കച്ചവടം കൂടുതലായി പ്രോത്സാഹിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.
കരിക്കിന്‍റെ ആവശ്യക്കാർ കൂടിവന്നാൽ നാളികേരത്തിന്‍റെ ലഭ്യത കുറയും. അതിനാൽ ഒക്ടോബർ അവസാനത്തോടെ നാളികേര വില നൂറിന് മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ അത് അടുക്കള ബജറ്റിനെയും സാരമായി ബാധിക്കും. നാളികേരത്തിന്‍റെയും അനുബന്ധ ഉൽപന്നങ്ങളുടെയും വില വർധിക്കുന്നത് കേരകർഷകർക്ക് ആശ്വാസമാണെങ്കിലും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഇത് സാരമായ പ്രത്യാഘാതമുണ്ടാക്കും. ഹോട്ടൽ, ബേക്കറി മേഖലകളിലൊക്കെ തേങ്ങയുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും വിലവർധന പ്രകടമാകുമെന്നത് ഉറപ്പ്. ലാഭം ലക്ഷ്യമിട്ട് കരിക്ക് കച്ചവടക്കാർ സജീവമായത് തേങ്ങയുടെ വില ഇനിയും വർധിക്കാൻ കാരണമാകുമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പും ചൂണ്ടിക്കാട്ടി.