ചാലക്കുടിയിൽ വന്ന് ചായ കുടിക്കാം
text_fieldsചാലക്കുടി: ചാലക്കുടിയിൽ സാധാരണ ഹോട്ടലുകളിൽ ചായക്ക് 10 രൂപ മുതൽ 15 രൂപ വരെയായതിനാൽ ധൈര്യമായി ചായ കുടിക്കാം. പക്ഷേ ഹോട്ടലിന്റെ ക്ലാസല്ല, പേര് നോക്കണം. വിവിധ ഹോട്ടലുകളിൽ ചായയുടെ വിലയിൽ മാറ്റം ഉണ്ട്. ചായയും കാപ്പിയും ചെറുകടികളും 10 രൂപക്ക് തന്നെ നൽകുന്ന ജനകീയ ഹോട്ടലുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
എന്നാൽ പ്രധാന ഹോട്ടലുകളിൽ ചായക്ക് 12 രൂപയും കാപ്പിക്ക് 15 രൂപയുമാണ്. ഏതാനും ചില കടകളിൽ ചായക്ക് 15 രൂപയും കാപ്പിക്ക് 20 രൂപയും ആക്കിയിട്ടുണ്ട്.
വിലക്കയറ്റത്തിൽ പിടിച്ചു നിൽക്കാൻ
പാലിന്റെ വില വർധനവിനെ തുടർന്ന് ചാലക്കുടിയിലെ ബി ക്ലാസ് ഹോട്ടലുകളിൽ പലതും ഓണത്തിന് ശേഷം കാപ്പിക്കും ചായക്കും വില കൂട്ടിയിരുന്നു. പച്ചക്കറികളുടെ വിലയിലുള്ള ഏറ്റക്കുറച്ചിലുകളാണ് ഹോട്ടലിലെ മറ്റ് വിഭവങ്ങളുടെ വില ഉയർത്താനാവാത്ത സ്ഥിതി സൃഷ്ടിക്കുന്നത്. ജീവനക്കാരുടെ കൂലിയിലെ വർധനയും ഹോട്ടൽ നടത്തിപ്പുകാർക്ക് തലവേദന സൃഷ്ടിക്കുന്നു.
എടുത്തു പറയേണ്ടത് തേങ്ങയുടെ വിലയാണ്. തേങ്ങയുടെ വില കിലോക്ക് 30 ൽ നിന്ന് 60 ലേക്ക് ഉയർന്നത് തേങ്ങ ഉപയോഗിച്ചുള്ള വിഭവങ്ങളെ ബാധിച്ചിട്ടുണ്ട്. പച്ചക്കറികളിൽ സവാളക്കും ഉരുളക്കിഴങ്ങിനും ഉണ്ടായ വിലക്കയറ്റം ഹോട്ടലുടമകളെ ബാധിച്ചിട്ടുണ്ട്. അതിനാൽ മസാല ദോശക്ക് വില കൂട്ടി. മസാല ദോശക്കും നെയ്റോസ്റ്റിനും 10 രൂപ കൂട്ടിയിട്ടുണ്ട്. യഥാക്രമം 80, 70 രൂപയാണവക്ക്.
12 രൂപയുണ്ടായിരുന്ന സമൂസക്കും ഉഴുന്നുവടക്കും ഇഡലി, അപ്പം എന്നിവക്കും 15 രൂപയാണ്. പഴംപൊരി, പരിപ്പുവട, ബോണ്ട, ബജി, സുഖിയൻ തുടങ്ങിയവ 12 രൂപയിൽ തന്നെ നിൽക്കുന്നു.
അരിക്ക് വില അടിക്കടി ഉയരാതെ സ്ഥിരമായി നിൽക്കുന്നതിനാൽ പലരും ഊണിന് വില കൂട്ടിയിട്ടില്ല. 80 രൂപയിൽ നിൽക്കുന്നു. അതേസമയം, 70 രൂപക്ക് ഊണ് നൽകുന്ന സ്ഥാപനങ്ങളുമുണ്ട്. ഒരു ഹോട്ടൽ മാത്രം നടത്തുന്നവരെയാണ് സാധനങ്ങളുടെ വിലക്കയറ്റം ബാധിച്ചിരിക്കുന്നത്.
അതേസമയം, ഹോട്ടൽ വ്യവസായ ശൃംഖലയുടെ ഭാഗമായവർക്ക് പച്ചക്കറിയും പാലുമെല്ലാം പഴയ മൊത്തവിലയിൽ ലഭിക്കുന്നതിനാൽ പ്രതിസന്ധിയില്ല. അത്തരം സ്ഥാപനങ്ങൾ വില കൂട്ടാതെ തന്നെ നിൽക്കുന്നു.