സ്വർണപ്പാളി; സമുദായ സംഘടനകൾ സമ്മർദത്തിൽ
text_fieldsതിരുവനന്തപുരം: ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളി വില്പന നടത്തിയെന്ന കോടതി പരാമർശവും പിന്നാലെ വിവാദവും കത്തിപ്പടരുമ്പോൾ വിശ്വാസകാര്യങ്ങളിൽ കടുത്ത നിലപാട് സ്വീകരിക്കുന്ന സമുദായ സംഘടനകൾ സമ്മർദ്ദത്തിലും മൗനത്തിലും.
രാഷ്ട്രീയ നയതന്ത്രത്തിന്റെ പേരിൽ സർക്കാറിനെ പിണക്കാനോ അതേ സമയം വിശ്വാസകാര്യത്തിലെ ജാഗ്രതയുടെയും സൂക്ഷ്മതയുടെയും പേരിൽ മിണ്ടാതിരിക്കാനോ കഴിയാത്ത സങ്കീർണ്ണതയിലാണ് എൻ.എസ്.എസ്. അയ്യപ്പസംഗമത്തിന്റെ പേരിൽ സമദൂരത്തിനുള്ളിൽ ശരിദൂരം കണ്ടെത്തി സർക്കാറിനെ പിന്തുണച്ച ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നിർബന്ധിത സാഹചര്യത്തിൽ പ്രതികരിച്ചെങ്കിലും എങ്ങും തൊടാതെയായിരുന്നു പരാമർശങ്ങൾ.
എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാകട്ടെ നിലവിലെ വിവാദങ്ങളെ തൊട്ടിട്ടില്ല. അതേ സമയം, ക്ഷേത്രഭരണത്തിൽ നിന്ന് ദേവസ്വം ബോർഡുകൾ പിൻമാറണെന്ന സംഘ്പരിവാർ ആവശ്യം പരസ്യമായി ഉന്നയിച്ച് സർക്കാറിനെ വെട്ടിലാക്കുകയും ചെയ്തു.
യുവതി പ്രവേശന വിധിക്ക് പിന്നാലെ ആർ.എസ്.എസും ബി.ജെ.പിയും തീരുമാനമെടുക്കാൻ അമാന്തം കാട്ടിയപ്പോഴും വിധിക്കെതിരെ ആദ്യം രംഗത്തെത്തിയത് ആചാര കാര്യങ്ങളിൽ എൻ.എസ്.എസ് സ്വീകരിക്കുന്ന വീട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ ഭാഗമായാണ്.
സ്വർണപ്പാളിയിൽ അരോപണങ്ങൾക്കപ്പുറം കൃത്യമായ നിരീക്ഷണം നടത്തി കോടതി തന്നെ നേരിട്ട് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മറുഭാഗത്ത് സർക്കാറിനും ദേവസ്വം ബോർഡിനുമെതിരെ വിശ്വാസികളെ അണിനിരത്തി കോൺഗ്രസ് തെരുവിലേക്കിറങ്ങുന്നു. ഈ സാഹചര്യമാണ് എൻ.എസ്.സിനെ സമ്മർദ്ദത്തിലാക്കുന്നത്.


