വയനാട് ഉരുൾപ്പൊട്ടൽ; നിഷ്കാസിതർ ഇനി എന്തു ചെയ്യണം?
text_fieldsചൂരൽമല: 2024 ജൂലൈ 30ന് പുലര്‍ച്ചെ 1.15നും മൂന്നുമണിക്കും ഇടക്കുണ്ടായ ഉരുള്‍പൊട്ടലിൽ നാടൊന്നാകെയാണ് ഒലിച്ചുപോയത്. അതിൽ വീടുകൾ മാത്രമല്ലായിരുന്നു ഉണ്ടായിരുന്നത്. സാധാരണക്കാരിൽ സാധാരണക്കാരായ ആളുകൾ വീട് നിർമിക്കാൻ വാങ്ങിയ അഞ്ചും പത്തും സെന്റുമടക്കം കൃഷി ചെയ്തുവന്ന ഏക്കർകണക്കിന് സ്ഥലങ്ങളുമാണ് ഒന്നും ബാക്കിയാക്കാതെ ഒലിച്ചുപോയത്. എന്നാൽ, സർക്കാർ കണക്കിൽ വീടുകൾ മാത്രമേ ഉള്ളൂ. വീടുനഷ്ടപ്പെട്ടവർക്ക് വീട് നൽകുകയെന്നതാണ് ഇപ്പോൾ ചെയ്യുന്നതെന്നാണ് റവന്യൂവകുപ്പ് അധികൃതർ പറയുന്നത്.
കൽപറ്റയിലെ ടൗണ്‍ഷിപ്പില്‍ ഏഴുസെന്റിൽ 1000 ചതുരശ്രയടിയിലുള്ള ഒറ്റ നില വീടാണ് ഒരു കുടുംബത്തിന് നിർമിക്കുന്നത്. എന്നാൽ, ദുരന്തഭൂമിയിൽ ഏഴ് സെന്റിൽ കൂടുതൽ ഭൂമിയിൽ വീടുകളുണ്ടായിരുന്നവർക്കും ഏഴുസെന്റ് മാത്രമേ പുനരധിവാസത്തിൽ ലഭിക്കൂ. ഉരുൾ നക്കിത്തുടച്ച മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലായി ഒരു ഏക്കറിന് മുകളിൽ സ്ഥലമുള്ള 20ഓളം പേരുണ്ട്. വീടുവെക്കാനായി ഉള്ളത് വിറ്റുപെറുക്കി അഞ്ചും പത്തും സെന്റും വാങ്ങിയവരുമുണ്ട് 50ഓളം പേർ.
വരുമാനം കിട്ടുന്നതിനനുസരിച്ച് വീടുവെക്കാമെന്ന സ്വപ്നം കണ്ടവരാണിവർ. എന്നാൽ, ഉരുൾപൊട്ടലിൽ ഈ സ്ഥലങ്ങളെല്ലാം ഒലിച്ചുപോയി. നോ ഗോ സോൺ മേഖലയിലാണ് ഭൂമിയെങ്കിൽ ഇനിയവിടെ താമസം പാടില്ല. എന്നാൽ, കൃഷി ചെയ്യാം. എന്നാൽ, ഭൂമിയിലെല്ലാം ഭീമൻപാറക്കഷണങ്ങളും മരത്തടികളുമടക്കം അടിഞ്ഞിട്ടുണ്ട്. ഇത് സ്വന്തം നിലക്ക് മാറ്റണമെന്നാണ് സർക്കാറിന്റെ നിലപാട്. ഒന്നുകിൽ ഭൂമി സർക്കാർ എടുത്ത് അർഹമായ നഷ്ടപരിഹാരം നൽകണം, അല്ലെങ്കിൽ നോ ഗോ സോൺ പരിധിയിൽ നിന്ന് ഒഴിവാക്കിത്തരണം എന്നതാണ് ദുരന്തബാധിതരുടെ ആവശ്യം. എന്നാൽ, ഇവ പരിണിക്കപ്പെട്ടിട്ടില്ല. വീടുകൾ നൽകുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നതെന്നും സ്ഥലം നഷ്ടപ്പെട്ടവരുടെ കണക്കെടുപ്പടക്കം നടക്കുകയാണെന്നുമാണ് റവന്യൂ അധികൃതർ പറയുന്നത്. എന്നാൽ, കലക്ടറേറ്റിലടക്കം ഇപ്പോൾ തങ്ങളെ അവഗണിക്കുകയാണ് ചെയ്യുന്നതെന്നാണ് സ്ഥലം നഷ്ടപ്പെട്ടവരുടെ രോദനം.
വാടകക്കെട്ടിടങ്ങൾ തകർന്ന 54 പേർ
ദുരന്തഭൂമിയിൽ തകർന്നത് 54 പേരുടെ വാടകക്കെട്ടിടങ്ങളാണ്. ഇതിൽ 150ഓളം കടമുറികളാണുണ്ടായിരുന്നത്. ഉടമകളിൽ 15ഓളം പേർ ദുരന്തം നേരിട്ടുബാധിച്ചവരാണ്. നാലുപേർ മരണപ്പെട്ടു. പല വാടകക്കെട്ടിടങ്ങളോടും ചേർന്ന് ഉടമകളുടെ വീടുകളുമുണ്ടായിരുന്നു.
ഭൂമിയുടെ വിപണി വിലയടക്കം കണക്കാക്കിയാൽ ഈയിനത്തിൽ 60 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്ന് വാടകക്കെട്ടിട ഉടമ ആസിഫ് അലി പറയുന്നു. നഷ്ടത്തിന്റെ വിശദവിവരങ്ങളടക്കം റവന്യൂവകുപ്പിന്റെ പക്കലുണ്ട്. എന്നാൽ, പുനരധിവാസം മാത്രമാണ് ഇപ്പോൾ സർക്കാറിന്റെ അജണ്ടയിലുള്ളത്.
110 ഹെക്ടറിലധികം കൃഷിഭൂമി ഇല്ലാതായി
മുഖ്യമന്ത്രി പുറത്തുവിട്ട കണക്കുപ്രകാരം 110 ഹെക്ടറിൽപരം കൃഷിഭൂമി നഷ്ടമായിട്ടുണ്ട്. 19 ഹെക്ടറോളം വനം ഒലിച്ചുപോയി. വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സ്കൂളുകള്‍ തുടങ്ങി 1,685 പൊതു-സ്വകാര്യ കെട്ടിടങ്ങളും നശിച്ചു. റോഡുകള്‍, പാലങ്ങള്‍, വൈദ്യുതി വിതരണ സംവിധാനം എന്നിവക്കും നാശനഷ്ടമുണ്ടായി.
145 വീടുകള്‍ പൂർണമായും 170 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 240 വീടുകള്‍ വാസയോഗ്യമല്ലാതായി. 183 വീടുകള്‍ ഒഴുകിപ്പോയി. 171 വളര്‍ത്തുമൃഗങ്ങള്‍ക്ക് ജീവഹാനിയുണ്ടായി. ദുരന്തത്തിൽ നശിച്ചത് 84 ചെറുകിട സംരംഭങ്ങള്‍. നിർമാണ യൂനിറ്റുകളടക്കമുള്ള സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ പാടേ ഇല്ലാതായി. കെട്ടിടം ഒഴികെയുള്ള നാശനഷ്ടത്തില്‍ ഈ മേഖലയിൽ 12.36 കോടിയുടെ നഷ്ടം.