25 കോടിയിലധികം തട്ടിയെന്ന്; മലപ്പുറം ജില്ല പഞ്ചായത്തംഗത്തിനെതിരെ പരാതി
text_fieldsമലപ്പുറം: ജില്ല പഞ്ചായത്ത് പർച്ചേസ് കമ്മിറ്റി അംഗമെന്ന പദവിയുപയോഗിച്ച് ജില്ല പഞ്ചായത്ത് അംഗം 25 കോടിയിലധികം രൂപ കൈപ്പറ്റിയ ശേഷം ഒളിവിൽ പോയതായി പരാതി.
മുസ്‌ലിം ലീഗ് നേതാവും മലപ്പുറം ജില്ല പഞ്ചായത്ത് മക്കരപ്പറമ്പ് ഡിവിഷൻ അംഗം ടി.പി. ഹാരിസിനെതിരെയാണ് (36) ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി ലഭിച്ചത്. വള്ളിക്കാപ്പറ്റ കാട്ടിൽ പീടിയേക്കൽ അബ്ദുൽ ജലീൽ, കാച്ചിനിക്കാട് ചോലക്കൽ മങ്ങാട് മുഹമ്മദ് സാലിം, പെരിന്താറ്റിരി പാറക്കാട് പലത്ത് ഹസൻ, രാമപുരം അരുതിരുത്തിൽ സഫീർ, കടന്നമണ്ണ തങ്കയത്തിൽ അയമു, കാച്ചിനിക്കാട് ചോലക്കൽ നസീം എന്നിവരാണ് പരാതി നൽകിയത്.
ജില്ല പഞ്ചായത്ത് പർച്ചേസ് കമ്മിറ്റി അംഗമെന്ന നിലയിൽ ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ഏജൻസികൾ മുഖേന സോളാർ പ്ലാന്റ് ഇൻസ്റ്റലേഷൻ, ഫിസിയോ തെറപ്പി ഉപകരണങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ഡയാലിസിസ് യൂനിറ്റുകൾ, സ്കൂളുകളിലേക്ക് ലാപ്ടോപ് എന്നിവ വാങ്ങുന്നത് തന്റെ നിയന്ത്രണത്തിലുള്ള ഏജൻസിയാണെന്നും അതിലേക്ക് മുൻകൂർ പണം നൽകിയാൽ ബിൽ അനുവദിക്കുമ്പോൾ വൻ തുക ലാഭം തരാമെന്നും പറഞ്ഞ് പണം തട്ടിയെന്നാണ് പരാതി. ഇതുപ്രകാരം തങ്ങളുൾപ്പെടെ പലരിൽനിന്നും ഹാരിസ് പണം വാങ്ങിയെന്നാണ് പരാതിയിലുള്ളത്. ആരോപണം ഉയർന്നതിനെ തുടർന്ന് ടി.പി ഹാരിസിനെ മുസ്ലിം ലീഗ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.
പൊലീസ് ആവശ്യപ്പെട്ടാൽ വിവരങ്ങൾ കൈമാറും- ടി.പി. ഹാരിസ്
മലപ്പുറം: ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ജില്ല പഞ്ചായത്ത് അംഗം ടി.പി. ഹാരിസ്. ബിസിനസ് നടത്തിയിരുന്നു. അത് നഷ്ടത്തിൽ കലാശിച്ചു. അതിൽ നിക്ഷേപിച്ചവരാണ് പരാതിയുമായി രംഗത്തെത്തിയത്. അവരിൽ പലരും നിക്ഷേപിച്ച തുകയേക്കാൾ ലാഭം വാങ്ങിയവരാണ്. ബിസിനസിന് ജില്ല പഞ്ചായത്തുമായി ബന്ധമില്ല. പൊലീസ് ആവശ്യപ്പെട്ടാൽ രേഖകൾ കൈമാറുമെന്നും താൻ മുങ്ങിയെന്ന വാദം തെറ്റാണെന്നും ഹാരിസ് പറഞ്ഞു.