വി.എസിനെ അധിക്ഷേപിച്ച പാലക്കാട്ടെ അധ്യാപകനെതിരെ പരാതി
text_fieldsകൂറ്റനാട് (പാലക്കാട്): അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച അധ്യാപകനെതിരെ പരാതി. ചാത്തന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകന്‍ കെ.സി. വിപിനെതിരെയാണ് പരാതി.
മരണാനന്തര ചടങ്ങുമായി ബന്ധപെട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിപിൻ ഹീനമായ അധിക്ഷേപം നടത്തിയെന്നാണ് പരാതി. ഡി.വൈ.എഫ്.ഐ കറുകപുത്തൂര്‍ മേഖല കമ്മറ്റി സെക്രട്ടറി ടി.ആര്‍. കിഷോറാണ് ചാലിശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്.
വി.എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട അധ്യാപകനായ തിരുവനന്തപുരം നഗരൂര്‍ സ്വദേശി വി. അനൂപിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ആറ്റിങ്ങൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്.എസ്.എസ്. വിഭാഗം അധ്യാപകനാണ്. ‘പട്ടികൾ ചത്താൽ ഞാൻ സ്റ്റാറ്റസ് ഇടാറില്ല’ എന്നായിരുന്നു ഇയാൾ കുറിച്ചത്. ഇതിന്റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അനൂപിനെതിരെ വിദ്യാഭ്യാസ വകുപ്പ് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.
‘വെറുപ്പ് മലയാളി മനസുകളെ എത്രമാത്രം കീഴ്പ്പെടുത്തുന്നു എന്നതിന് നിമിഷ കേസിനു ശേഷം മറ്റൊരുദാഹരണം. കേരളത്തിന്റെ സമരനായകൻ, മുൻ മുഖ്യമന്ത്രി വി.എസിന്റെ മരണത്തോട് പ്രതികരിച്ചുകൊണ്ട് ഒരു സർക്കാർ അദ്ധ്യാപകന്റെ വാട്സ്ആപ്പ് സ്റ്റാറ്റസാണിത്. ഇവരാണോ നമ്മുടെ കുഞ്ഞുങ്ങൾക്ക് അക്ഷരം പകർന്നു നൽകുന്നത്? മാതൃകപരമായ നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണം’ -അദ്ദേഹം ആവശ്യപ്പെട്ടു.