ദുബൈ നിയമത്തിന്റെ കേരളത്തിലെ സാധുതയിൽ ആശയക്കുഴപ്പം; നടപടിയെടുക്കാനാകാതെ വെഹിക്കിൾ ഇൻസ്പെക്ടർമാർ
text_fieldsകോട്ടയം: മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ ‘യാത്ര സൗജന്യം’ എന്ന് ഓട്ടോറിക്ഷകളിൽ ബോർഡ് വെക്കണമെന്ന ദുബൈ നിയമത്തിന് സമാനമായ നിർദേശത്തിന്റെ കേരളത്തിലെ നിയമസാധുതയെക്കുറിച്ച് ആശയക്കുഴപ്പം; നടപടി എടുക്കാനാകാതെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും. ഫെയർ മീറ്റർ പ്രവർത്തിക്കുന്നില്ലെങ്കിൽ ‘യാത്ര സൗജന്യം’ എന്ന് ടാക്സി വാഹനങ്ങളിൽ പ്രദർശിപ്പിക്കണം എന്ന നിയമമാണ് ദുബൈയിലുള്ളത്. അതിന് സമാനമായ ബോർഡുകൾ ഓട്ടോറിക്ഷകളിൽ സ്ഥാപിക്കണമെന്ന നിർദേശമാണ് കേരളത്തിൽ നടപ്പാക്കി ട്രാൻസ്പോർട്ട് കമീഷണർ സി.എച്ച്. നാഗരാജു ദിവസങ്ങൾക്കുമുമ്പ് സർക്കുലർ ഇറക്കിയത്.
ദുബൈ ഗതാഗത വകുപ്പ് വിജയകരമായി നടപ്പാക്കിയ ഈ പദ്ധതി സംബന്ധിച്ച് കൊച്ചി സ്വദേശിയായ കെ.പി. മത്ത്യാസിന്റെ നിർദേശം ജനുവരി 24ന് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി അംഗീകരിച്ചെന്നും അത് സംസ്ഥാനത്ത് നടപ്പാക്കുന്നെന്നുമാണ് ഫെബ്രുവരി 15ന് ട്രാൻസ്പോർട്ട് കമീഷണർ പുറപ്പെടുവിച്ച ഉത്തരവ്. പൊതുഗതാഗത സർവിസ് നടത്തുന്ന വാഹനങ്ങളുടെ വാടകനിരക്ക്, പെർമിറ്റ് ഇവയൊക്കെ തീരുമാനിക്കാൻ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിക്ക് അധികാരം ഉണ്ട്. പക്ഷേ, കേന്ദ്രനിയമത്തിലോ ചട്ടങ്ങളിലോ പറയുന്നതിനപ്പുറമുള്ള നിയമങ്ങൾ ഉണ്ടാക്കാനോ നടപ്പാക്കാനോ ഈ അതോറിറ്റിക്ക് അധികാരമില്ലെന്നതാണ് വസ്തുത. ആ സാഹചര്യത്തിൽ ദുബൈ സർക്കാറിന്റെ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ ഉത്തരവിറക്കാൻ ട്രാൻസ്പോർട്ട് അതോറിറ്റിക്കാകില്ലെന്ന് സാരം.
എന്നാൽ, ഓട്ടോറിക്ഷകളിൽ ഇരുണ്ട പ്രതലത്തിൽ വെള്ള അക്ഷരത്തിൽ ‘യാത്ര സൗജന്യം’ എന്ന് പ്രദർശിപ്പിക്കണമെന്നാണ് സർക്കുലറിലുള്ളത്. ഈ മാസം ഒന്നുമുതൽ ഇത് നടപ്പാക്കണമെന്നായിരുന്നു നിർദേശം. ഓട്ടോറിക്ഷ തൊഴിലാളി യൂനിയനുകൾ ഉൾപ്പെടെ ഈ നീക്കത്തിൽ പ്രതിഷേധവുമായി രംഗത്തുള്ള സാഹചര്യത്തിൽ നിയമം നടപ്പാക്കുന്നതിൽ പെട്ടുപോയത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരാണ്.
ഒരു ഓട്ടോറിക്ഷയിൽ ഇങ്ങനെ എഴുതിെവച്ചില്ലെങ്കിൽ എന്ത് ശിക്ഷാനടപടി സ്വീകരിക്കും എന്നതിൽ വ്യക്തതയില്ലെന്നതാണ് പ്രധാന പ്രശ്നം. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 77 മുതൽ 209 വരെയാണ് മോട്ടോർ വാഹന നിയമലംഘനങ്ങളും അവക്കുള്ള പിഴയും നിർദേശിച്ചിരിക്കുന്നത്. ഈ നിയമത്തിൽ ഒരിടത്തും മീറ്റർ പ്രവർത്തനരഹിതമായാൽ യാത്ര സൗജന്യമാക്കണമെന്ന് പറയുന്നുമില്ല.
നിലവിലെ മോട്ടോർ വാഹന നിയമത്തിൽ അമിത ചാർജ് ഈടാക്കിയാൽ നടപടി എടുക്കാൻ വ്യവസ്ഥയുണ്ട്. മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 177 അനുസരിച്ച് മീറ്ററില്ലാത്ത ഓട്ടോറിക്ഷക്ക് 250 രൂപ പിഴ അടപ്പിക്കാം. സെക്ഷൻ 177 പറയുന്നത് കേന്ദ്ര നിയമത്തിലോ ചട്ടങ്ങളിലോ ഇവയിൽ പറയുന്ന നിർദേശങ്ങളനുസരിച്ച് പുറപ്പെടുവിക്കുന്ന നിർദേശങ്ങളിലോ വിജ്ഞാപനങ്ങളിലോ പറയുന്ന നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് അതിന് പ്രത്യേക പിഴ പറയുന്നില്ലെങ്കിൽ 500 രൂപ പിഴ ചുമത്താം എന്നാണ്. കേരളം ഇത് 250 ആയി കുറച്ചിട്ടുണ്ട്.