ഇരിക്കൂറിൽ സജീവ് ജോസഫിനെതിരെ എ ഗ്രൂപ്; കോൺഗ്രസ് ഓഫിസുകൾ പൂട്ടി കരിങ്കൊടി കുത്തി
text_fieldsസജീവ് ജോസഫ്
ശ്രീകണ്ഠപുരം: ഇരിക്കൂർ മണ്ഡലത്തിൽ മൂന്നാം ഗ്രൂപ്പുകാരനായ കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ എ ഗ്രൂപ്പുകാരുടെ പ്രതിഷേധം.
ശ്രീകണ്ഠപുരം, ആലക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസുകൾ എ ഗ്രൂപ് പ്രവർത്തകർ താഴിട്ടു പൂട്ടി. ഓഫിസുകൾക്ക് മുന്നിൽ കരിങ്കൊടി കെട്ടുകയും പോസ്റ്ററുകൾ പതിക്കുകയും ചെയ്തു.
വ്യാഴാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. എ.ഐ.സി.സിയിൽ ചായ വാങ്ങിക്കൊടുക്കുന്നയാളെയും ആരുടെയെങ്കിലും പെട്ടി തൂക്കി നടക്കുന്നയാളെയും ഇരിക്കൂറിനു വേണ്ട എന്നെഴുതിയ പോസ്റ്ററുകളാണ് പതിച്ചത്.
നാലു പതിറ്റാണ്ടുകൾക്കുശേഷം കെ.സി. ജോസഫ് ഇരിക്കൂറിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് മറ്റൊരു സ്ഥാനാർഥിക്കായുള്ള ചർച്ചകൾ തുടങ്ങിയത്.
എ ഗ്രൂപ്പുകാരനായ കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, കെ.സി. വേണുഗോപാലിെൻറ വിശ്വസ്തനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ സജീവ് ജോസഫ് എന്നിവരെയാണ് നേതൃത്വം പരിഗണിച്ചിരുന്നത്. കാലങ്ങളായി എ ഗ്രൂപ് കൈവശം വെച്ചിരുന്ന സീറ്റായതിനാൽ സോണി സെബാസ്റ്റ്യെൻറ സ്ഥാനാർഥിത്വം ഏറക്കുറെ ഉറപ്പിച്ചിരുന്നു.
എന്നാൽ, ഇതിനിടെയാണ് വ്യാഴാഴ്ച ചേർന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ സോണിയുടെ പേര് വെട്ടി സജീവിനെ സ്ഥാനാർഥിയാക്കാൻ കെ.സി. വേണുഗോപാൽ നീക്കം നടത്തിയതെന്ന് എ ഗ്രൂപ് നേതാക്കൾ ആരോപിച്ചു.
ഇതിനെതിരെയാണ് മണ്ഡലത്തിൽ പരസ്യ പ്രതിഷേധമുണ്ടായത്. മണ്ഡലത്തിൽ പലയിടത്തും പ്രവർത്തകർ രാത്രി വൈകിയും ചേരിതിരിഞ്ഞ് തമ്പടിച്ച് നിൽക്കുന്ന അവസ്ഥയാണുള്ളത്.