പീഡനക്കേസിൽ കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ
text_fieldsതേഞ്ഞിപ്പലം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പള്ളിക്കല്‍ പഞ്ചായത്ത് ആറാം വാര്‍ഡ് അംഗം അറസ്റ്റില്‍. കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് ഭരണസമിതി അംഗവുമായ കരിപ്പൂര്‍ സ്വദേശി വളപ്പില്‍ അബ്ദുൽ ജമാല്‍ (ജമാല്‍ കരിപ്പൂര്‍-35) ആണ് അറസ്റ്റിലായത്.
തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്ത് പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തു. 32 വയസ്സുകാരിയുടെ പരാതിയിലാണ് നടപടി. വിവാഹ വാഗ്ദാനം നൽകി യുവതിയെ കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച് യുവതി തേഞ്ഞിപ്പലം പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത പൊലീസ് ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
ജമാൽ പഞ്ചായത്ത് അംഗത്വം സ്വയം രാജിവെക്കണമെന്നും അല്ലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റോ പഞ്ചായത്ത് ഡയറക്ടറോ അദ്ദേഹത്തെ പുറത്താക്കണമെന്നും സി.പി.എം പള്ളിക്കൽ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാൽ, ലഹരി മാഫിയക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ കേസിൽ കുടുക്കിയതാണെന്ന് പള്ളിക്കൽ മണ്ഡലം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ പ്രതികരിച്ചു.