കീഴ്വഴക്കം പിടിവള്ളിയാക്കി പ്രതിരോധം; രാഹുൽ രാജി വെക്കില്ല, പക്ഷേ ഇനി സീറ്റില്ല
text_fieldsരാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ തെറിച്ചെങ്കിലും എം.എൽ.എ സ്ഥാനം രാജി വെക്കണമെന്ന ഭരണപക്ഷ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടെന്ന് കോൺഗ്രസ് തീരുമാനം. എം. മുകേഷ് എം.എൽ.എ അടക്കമുള്ളവർക്കെതിരെ ആരോപണവും കേസുമുയർന്ന ഘട്ടത്തിൽ സി.പി.എം സ്വീകരിച്ച തന്ത്രപരമായ അടവുനയമാണ് കോൺഗ്രസും പിടിവള്ളിയാക്കുന്നത്.
‘‘കേസ് രജിസ്റ്റർ ചെയ്തതിന്റെ പേരിൽ എം.എൽ.എ സ്ഥാനം രാജിവെപ്പിക്കുകയും എന്നാൽ പിന്നീട് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്യുന്ന പക്ഷം രാജിവെപ്പിച്ച സ്ഥാനം തിരികെ നൽകാനാകില്ലെന്നതായിരുന്നു’’ മുകേഷിന്റെ കാര്യത്തിലെ സി.പി.എം നിലപാട്.
നിലവിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഫ്.ഐ.ആറില്ല. മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും പരാതി ഉന്നയിക്കുന്നവർ പൊലീസിനെ സമീപിക്കാനും തയ്യാറാകുന്നില്ല. ഈ ഘട്ടത്തിൽ സി.പി.എം ഉന്നയിക്കുന്ന രാജി ആവശ്യം രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ഭാഗമായി കണ്ട് മുഖവിലക്കെടുക്കേണ്ടെന്നാണ് കോൺഗ്രസ് നിലപാട്.
സി.പി.എം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടത് തന്നെ രാഹുലിന്റെ രാജി സംബന്ധിച്ച് കോൺഗ്രസ് ആലോചിക്കട്ടെയെന്നാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പ്രതിരോധം. ഇതിനെക്കാൾ ഗൗരവമായ കേസുകളിൽ സി.പി.എം ഈ പറയുന്ന ‘ആലോചനക്ക്’ പോലും തയ്യാറായിട്ടില്ലെന്നതാണ് കോൺഗ്രസിന്റെ മറുപടി. അധ്യക്ഷ സ്ഥാനം രാജിവെച്ചതോടെ ധാർമ്മിക ബാധ്യതയിൽ നിന്ന് പാർട്ടിക്ക് തലയൂരാനായി എന്നാണ് നേതൃത്വം കണക്ക് കൂട്ടുന്നത്.
പിന്തുണക്കുകയോ ന്യായീകരിക്കുകയോ ചെയ്തിരുന്നെങ്കിൽ പാർട്ടിക്ക് പരിക്കാകുമായിരുന്നു. എന്നാൽ ആരോപണമുയർന്ന് രാത്രി ഇരുട്ടി വെളുത്തപ്പോൾ തന്നെ രാജിവെപ്പിച്ചു. എഫ്.ഐ.ആർ പോലും ഇല്ലാത്ത കേസിലാണ് ഉത്തരവാദപ്പെട്ട സ്ഥാനത്ത് നിന്ന് രാഹുലിനെ നീക്കിയത്.
ആരോപണ വിധേയനെ പിന്തുണക്കുന്ന സമീപനം പാർട്ടിയോ നേതാക്കളോ സ്വീകരിച്ചിട്ടില്ലെന്നതും തങ്ങളുടെ നിലപാട് കൃത്യവും സുതാര്യവുമാണെന്നതിന് തെളിവായാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, രാജി ചോദിക്കുന്നവരോട് മുകേഷിന്റെ കാര്യം തിരികെ ചോദിക്കുകയാണ് കോൺഗ്രസ്.
എം.എൽ.എ സ്ഥാനത്തിന്റെ കാര്യത്തിൽ കീഴ്വഴക്കം പിടിവള്ളിയാക്കി സംരക്ഷണം തീർക്കുമ്പോഴും രാഹുൽ മാങ്കൂട്ടത്തിലിന് ഇനി സീറ്റ് നൽകാനിടയില്ല. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് സീറ്റ് രാഹുൽ ഉറപ്പിച്ചിരുന്നു. എന്നാൽ, സാധ്യതകൾ പൂർണമായും അടഞ്ഞുവെന്നാണ് നേതൃത്വത്തിന്റെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്. അല്ലാത്ത പക്ഷം അഗ്നിശുദ്ധി വരുത്തണം. അതിനാകട്ടെ മതിയായ സമയവുമില്ല.
ഒരു മാസത്തിന് മുമ്പും സാമൂഹ്യമാധ്യമങ്ങൾ വഴി ആരാപണങ്ങളുണ്ടായപ്പോഴും തിരുത്തലിന് അവസരമുണ്ടായിരുന്നു. ഈ ഘട്ടങ്ങളിലൊന്നും ജാഗ്രത കാട്ടാതിരുന്നതാണ് രാഷ്ട്രീയ ദുരന്തത്തിലേക്ക് വഴിയൊരുക്കിയത്.


